
ന്യൂഡല്‍ഹി: ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസ്സായതോടെ വഖഫ് നിയമ ഭേദഗതി ബില്‍ ഇനി രാഷ്ട്രപതിയുടെ പരിധിയിലേക്ക്. ഇന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം രാജ്യസഭയിലും ബില്ല് പാസ്സായി. വോട്ടെടുപ്പില്‍ 95 നെതിരേ 128 പേരുടെ വോട്ടോടെയാണ് ബില്‍ രാജ്യസഭയിലും പാസ്സായത്. ഇരുസഭകളും അനുകൂലിച്ചതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പിട്ടാല്‍ ബില്‍ നിയമമാകും.
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ലോക്‌സഭയില്‍ ബില്‍ പാസ്സാക്കാനായത്. രാജ്യസഭയിലും നീണ്ട ചര്‍ച്ചകളുണ്ടായി. ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു.
നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ സുരേഷ്‌ഗോപി വിമര്‍ശിച്ചു. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി. ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്ക്കെതിരെ ആക്രമണം നടത്തുകയാണെന്നുമായിരുന്നു പ്രധാന പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിന്റെ ആക്ഷേപം.
ബില്‍ രാജ്യസഭ കടന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന മുനമ്പത്ത് കേന്ദ്രം സര്‍ക്കാരിനെ പിന്തുണച്ച് സമരം ചെയ്യുന്നവര്‍ പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ആഹ്ലാദ പ്രകടനം നടത്തി. എന്നാല്‍ റവന്യു അവകാശങ്ങള്‍ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു. അതേസമയം ബില്ല് അവതരിപ്പിക്കുമ്പോള്‍ വയനാട് എംപി പ്രിയങ്കാഗാന്ധി പാര്‍ലമെന്റില്‍ ഇല്ലാതിരുന്നത് വലിയ വിമര്‍ശനത്തിന് കാരണമായി മാറിയിട്ടുണ്ട്.