
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയിലും അവതരിപ്പിച്ചു. രാജ്യസഭയിലും ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. രാജ്യസഭയിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ നിയമനിർമ്മാണത്തെക്കുറിച്ച് സംസാരിക്കും.
വഖഫ് സ്വത്തുക്കളുടെ ഭരണം മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാനേജ്മെന്റ് അവതരിപ്പിക്കുക, സങ്കീർണ്ണതകൾ പരിഹരിക്കുക, സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്. ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ, ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോൺഗ്രസിനെ വിമര്‍ശിച്ചിരുന്നു.
മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളിൽ ഇടപെടാൻ നിയമനിർമ്മാണം ശ്രമിക്കുന്നില്ലെന്ന് ഉറപ്പുനൽകി. “വഖഫ് ബിൽ മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളിലും അവർ സംഭാവന ചെയ്യുന്ന സ്വത്തുക്കളിലും ഇടപെടുന്നത് ഭയപ്പെടുത്തുന്നതാണ്, വോട്ട് ബാങ്കിന് വേണ്ടിയുള്ളതാണ്,” അദ്ദേഹം പറഞ്ഞു.
നേരത്ത ലോക്‌സഭയില്‍ നിയമനിര്‍മാണത്തിനു മതവുമായി യാതൊരു ബന്ധവുമില്ലെന്നും സ്വത്തുക്കള്‍ മാത്രമാണു കൈകാര്യം ചെയ്യുന്നതെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഒരു മതസ്ഥാപനത്തിലും സര്‍ക്കാര്‍ ഇടപെടാന്‍ പോകുന്നില്ല. യു.പി.എ സര്‍ക്കാര്‍ വഖഫ് നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി. അതിനാല്‍ പുതിയ ഭേദഗതികള്‍ ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.
ഇന്നലെ 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷം പുലര്‍ച്ചെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ലോക്സഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ബില്ല് പാസാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീംകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു. 5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.