ഹാരിസണ്‍സ് എസ്‌റ്റേറ്റ് തത്‌കാലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏറ്റെടുക്കേണ്ടിവന്നാല്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെയേ ചെയ്യൂവെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയ സാഹചര്യത്തിലാണു സ്‌റ്റേ അനുവദിക്കാതെ അപ്പീല്‍ തീര്‍പ്പാക്കിയത്.

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തപുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കലിനു ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. സ്‌റ്റേ ആവശ്യപ്പെട്ട് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി.
ഹാരിസണ്‍സ് എസ്‌റ്റേറ്റ് തത്‌കാലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏറ്റെടുക്കേണ്ടിവന്നാല്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെയേ ചെയ്യൂവെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയ സാഹചര്യത്തിലാണു സ്‌റ്റേ അനുവദിക്കാതെ അപ്പീല്‍ തീര്‍പ്പാക്കിയത്.
പുനരധിവാസത്തിനായി മാതൃകാ ടൗണ്‍ഷിപ് നിര്‍മിക്കാന്‍ ദുരന്തനിവാരണനിയമപ്രകാരം സര്‍ക്കാരിനു ഭൂമിയേറ്റെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേയാണ് ഹാരിസണ്‍സും എല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഭൂമി വിട്ടുനല്‍കാനാവില്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന നഷ്‌ടപരിഹാരത്തുകയ്‌ക്കു തുല്യമായ തുക ബോണ്ട് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച ഡിവിഷന്‍ ബെഞ്ച് ഹാരിസണ്‍സിന്റെ അപ്പീല്‍ തീര്‍പ്പാക്കി. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച കോടതി, പദ്ധതി എന്നു തുടങ്ങാനാകുമെന്ന് ആരാഞ്ഞു. ഉടന്‍ തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി.
ഏറ്റെടുക്കുന്ന ഭൂമിക്കുള്ള 26 കോടി രൂപയുടെ നഷ്‌ടപരിഹാരം സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയില്‍ കെട്ടിവയ്‌ക്കണമെന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. നഷ്‌ടപരിഹാരം അപര്യാപ്‌തമാണെന്നാരോപിച്ച് എല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റ് നല്‍കിയ അപ്പീലും അംഗീകരിച്ചില്ല. ഭൂമി ഏറ്റെടുക്കാന്‍ കോടതി പച്ചക്കൊടി കാട്ടിയെങ്കിലും നഷ്‌ടപരിഹാരത്തുക സംബന്ധിച്ച മാനദണ്ഡം സര്‍ക്കാര്‍ വ്യക്‌തമാക്കേണ്ടിവരും.