![uploads/news/2025/02/762535/k4.jpg](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762535/k4.jpg?w=640&ssl=1)
തിരുവനന്തപുരം: മുഖ്യമന്ത്രി സ്‌ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിക്കു മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും. രമേശ് അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്നു നോര്‍ക്കയുടെ ചടങ്ങില്‍ സ്വാഗതപ്രസംഗകന്‍ ആശംസിച്ചതാണു പുതിയ വാക്‌പോരിനു തിരികൊളുത്തിയത്.
നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് രമേശ് അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്നു സ്വാഗതപ്രസംഗകന്‍ ഡോ.ജി. രാജ്‌മോഹന്‍ ആശംസിച്ചത്. പിന്നാലെ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനു മറുപടി നല്‍കിയതിങ്ങനെ:
”നമ്മുടെ സ്വാഗതപ്രസംഗകനെക്കുറിച്ച് ഒരുകാര്യം പറഞ്ഞില്ലെങ്കില്‍ അതു മോശമായിപ്പോകുമെന്നു തോന്നുന്നു. അദ്ദേഹം രാഷ്‌ട്രീയമൊന്നും പറയുന്നില്ലെന്നു പറഞ്ഞു. എന്നാല്‍, ഒരു പാര്‍ട്ടിക്കകത്തു വലിയ പ്രശ്‌നങ്ങുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരനല്ലെന്നു നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. അതു കൊടുംചതിയായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നാണ് എനിക്ക് അദ്ദേഹത്തോടു സ്‌നേഹപൂര്‍വം പറയാനുള്ളത്”. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് വേദിയിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയടക്കം പൊട്ടിച്ചിരിച്ചു.
ചടങ്ങില്‍ നടന്‍ മോഹന്‍ലാലും പങ്കെടുത്തിരുന്നു. തുടര്‍ന്ന് പ്രസംഗിച്ച രമേശ്, പിണറായിക്കു മറുപടി നല്‍കി. കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയില്ലെന്നും യാഥാര്‍ത്ഥത്തില്‍ ബോംബുള്ളതു സി.പി.എമ്മിലാണെന്നുമായിരുന്നു രമേശിന്റെ തിരിച്ചടി.
കോണ്‍ഗ്രസില്‍ താനുള്‍പ്പെടെ ആരും മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയല്ലെന്നും അത് പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പിന്നീട് പ്രതികരിച്ചു. അക്കാര്യത്തില്‍ മുഖ്യമന്ത്രി തമാശ പറയേണ്ട. വി.എസും പിണറായിയും തമ്മില്‍ പണ്ട് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാമല്ലോ.തമാശകള്‍ തന്നേക്കൊണ്ടു പറയിപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു.