ഷാങ്ഹായിൽ നിന്നുള്ള 40 കാരിയായ മെങ് എന്ന സ്ത്രീയണ് ഇത്തരത്തില്‍ ബന്ധുക്കളെ പറ്റിച്ച് പണം തട്ടിയെടുത്തത്.
![wife , arrest](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763018/Untitled-1.gif?w=640&ssl=1)
ചൈനയില്‍ ഭാവി വരന്‍ അതിസമ്പന്നനായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയാണെന്ന് പരിചയപ്പെടുത്തിയ 40 -കാരി തന്‍റെ ബന്ധുക്കളില്‍ നിന്നും തട്ടിയെടുത്തത് 14 കോടി രൂപ . ഷാങ്ഹായിൽ നിന്നുള്ള 40 കാരിയായ മെങ് എന്ന സ്ത്രീയണ് ഇത്തരത്തില്‍ ബന്ധുക്കളെ പറ്റിച്ച് പണം തട്ടിയെടുത്തത്.
2014 -ല്‍ മെങ് ഒരു ചെറിയ റിയല്‍ എസ്റ്റേറ്റ് ഏജന്‍സി നടത്തിയിരുന്നു. എന്നാല്‍ ആ പദ്ധതി രക്ഷപ്പെട്ടില്ല. പിന്നാലെ സ്ഥിരമായി യാത്ര ചെയ്തിരുന്ന കാർ ഡ്രൈവറോട് മെങ് വിവാഹാഭ്യര്‍ത്ഥന നടത്തി. തന്‍റെ പ്രായം കടന്ന് പോകുന്നതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നായിരുന്നു മെങ്, ചിൻ എന്ന കാര്‍ ഡ്രൈവറോട് പറഞ്ഞത്. പക്ഷേ, അതൊരു വ്യാജ വിവാഹമായിരുന്നു.
മെങിന്‍റ നിര്‍ദ്ദേശമനുസരിച്ച് വിവാഹ സമയത്ത് ചിന്‍, തന്‍റെ കുടുംബ പേരായി ജിയാങ് ചേർത്തു. വ്യാജ വിവാഹത്തിനെത്തിയ ബന്ധുക്കളോട് യുവതി, കുടുംബപരമായി റിയൽ എസ്റ്റേറ്റ് ബിസിനസ് ഉള്ളവരാണ് ചിന്‍ ജിയാങിന്‍റെ കുടുംബമെന്നും ചൈനയില്‍ വിവിധ പ്രവിശ്യകളിലായി അദ്ദേഹത്തിന് നിരവധി പ്രോജക്റ്റുകളുണ്ടെന്നും പറഞ്ഞു. ഒപ്പം കുറഞ്ഞ വിലയ്ക്ക് വസ്തുക്കൾ വാങ്ങുന്നതിനുള്ള ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത് ഉറപ്പിക്കുന്നതിനായി മെങ്, വിവാഹ ശേഷം 12 കോടി രൂപയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങുകയും ഒരു ബന്ധുവിന് ആ ഫ്ലാറ്റ് പകുതി പൈസയ്ക്ക് മറിച്ച് വില്ക്കുകയും ചെയ്തു.
വീട് വാങ്ങിയ ബന്ധുവിനോട്, മെങും ജിയാങ്ങും സഹായിച്ചതിനാല്‍ വലിയ ലാഭം നേടാന്‍ കഴിഞ്ഞതായി മറ്റ് ബന്ധുക്കളോട് പറയാനും മെങ് ആവശ്യപ്പെട്ടു. ഇതോടെ മറ്റ് ബന്ധുക്കൾക്കും പുതിയ ഫ്ലാറ്റുകൾ വാങ്ങാന്‍ സഹായിക്കാമെന്നും 61,000 രൂപ (700 ഡോളർ) വരെ വില കുറയ്ക്കാമെന്നും മെങ് വാഗ്ദാനം നല്‍കി. ഇതോടെ മെങിന്‍റെ അഞ്ച് ബന്ധുക്കൾ ഫ്ലാറ്റുകൾ വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വന്നു. ചിലര്‍ സ്വന്തം ഫ്ലാറ്റുകൾ വിറ്റാണ് പണം കണ്ടെത്തി. ഏതാണ്ട് 14 കോടിയോളം രൂപയാണ് ഇങ്ങനെ ബന്ധുക്കൾ മെങിന് കൈമാറിയത്.
എന്നാല്‍, പിന്നീട് വർഷങ്ങളോളം മെങ് ബന്ധുക്കളുമായി അകലം പാലിച്ചു. ഓരോ തവണയും ഡിസ്കൌണ്ട് സെറ്റു ചെയ്യുന്നതിലുള്ള കാലതാമസമാണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു. ചിലര്‍ കൂടുതല്‍ ശല്യം ചെയ്തപ്പോൾ മെങ് വാടകയ്ക്ക് വീടെടുത്ത് ബന്ധുക്കൾക്ക് കൈമാറി. സ്വന്തം വീടാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടായിരുന്നു ഇത്. മെങിന്‍റെ നടപടികളില്‍ സംശയം തോന്നിയ ഒരു ബന്ധു ഫ്ലാറ്റിലെ യഥാർത്ഥ പ്രോപ്പർട്ടി ഡെവലപ്പറോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പിന്നാലെ ബന്ധു നല്‍കിയ കേസ് കഴിഞ്ഞ ദിവസം വിധിയായി. കരാര്‍ തട്ടിപ്പിന് മെങിന് 12 വര്‍ഷവും ആറ് മാസവുമാണ് ജയില്‍ ശിക്ഷ വിധിച്ചത്.