28 നിലകള്‍ വീതമുള്ള ബി, സി. ടവറുകള്‍ നിലംപൊത്തുമ്പോള്‍ അതിശക്‌തമായ ആഘാതമാകും ഭൂമിയില്‍ ഉണ്ടാകുക. ഇതിന്റെ പ്രകമ്പനത്തില്‍ മെട്രോ തൂണുകള്‍ക്ക് തകരാറുകള്‍ സംഭവിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആശങ്ക.

കൊച്ചി: വൈറ്റിലയിലെ സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ആര്‍മി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമായ ചന്ദര്‍കുഞ്‌ജ് ഇരട്ട ടവറുകള്‍ നിലംപൊത്തുമ്പോള്‍ ആശങ്കയേറ്റവുമധികം കൊച്ചി മെട്രോയ്‌ക്ക്. സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലൂടെയാണ് മെട്രോയുടെ ട്രയിന്‍ സര്‍വീസ് കടന്നുപോകുന്നത്.
മെട്രോയുടെ നാലു തൂണുകള്‍ ദ്വീപിലാണ്. വൈറ്റിലയില്‍ നിന്ന് മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടിയപ്പോഴാണ് തൂണുകള്‍ സില്‍വര്‍ സാന്‍ഡ് ഐലന്‍ഡില്‍ സ്‌ഥാപിച്ചത്. നിലവിലെ മുഖ്യ വെല്ലുവിളിയും ഇതു തന്നെയാണ്. മെട്രോ തൂണില്‍ നിന്ന് കേവലം 40മീറ്റര്‍ ദൂരമേ പൊളിക്കാനുള്ള ഫ്‌ളാറ്റുകളിലേക്കുള്ളൂ. 28 നിലകള്‍ വീതമുള്ള ബി, സി. ടവറുകള്‍ നിലംപൊത്തുമ്പോള്‍ അതിശക്‌തമായ ആഘാതമാകും ഭൂമിയില്‍ ഉണ്ടാകുക. ഇതിന്റെ പ്രകമ്പനത്തില്‍ മെട്രോ തൂണുകള്‍ക്ക് തകരാറുകള്‍ സംഭവിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആശങ്ക.
മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചതിനു സമാനമായ വിധത്തിലാകും ചന്ദര്‍കുഞ്‌ജും പൊളിക്കുക. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കേവലം 10 സെക്കന്‍ഡില്‍ 28 നിലയുള്ള രണ്ടു ടവറുകള്‍ ഒരേ സമയം നിലംപൊത്തും. ടണ്‍കണക്കിനു ഭാരമുള്ള കോണ്‍ക്രീറ്റ് ആണ് തകര്‍ന്നു വീഴുക. ഇത് ഭൂമിയില്‍ ഏല്‍പ്പിക്കുന്ന ആഘാതം വലുതായിരിക്കും. ഇതില്‍ നിന്നുണ്ടാകുന്ന പ്രകമ്പനം എത്ര അകലേക്ക് വരെ പോകുമെന്നതിനു നിലവില്‍ പഠനമൊന്നും നടന്നിട്ടില്ല.
മെട്രോയും ഈ നിലയ്‌ക്ക് ഇതുവരെ സ്വന്തം നിലയില്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടില്ല. ദുരന്ത നിവാരണ അഥോറിട്ടിയും ജില്ലാ ഭരണകൂടവുമാണ് ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തേണ്ടത്. വിഷയത്തില്‍ മെട്രോയുടെ ആശങ്ക ജില്ലാ ഭരണകൂടത്തിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരാണ് ഇനി തീരുമാനത്തില്‍ എത്തേണ്ടത്.
മെട്രോയുടെ ആശങ്കകൂടി പരിഗണിച്ചാകും പൊളിക്കല്‍ രീതിയുടെ രൂപകല്‍പന. യാതൊരു കാരണവശാലും മെട്രോയ്‌ക്ക് ഒരു തകരാര്‍ പോലും പറ്റാത്തവിധം ടവര്‍ പൊളിക്കുന്നതിനാകും മുന്‍ഗണന. കഴിഞ്ഞ ദിവസം നടപടി ക്രമങ്ങളുടെ ഭാഗമായി വിദഗ്‌ധ പൊളിക്കല്‍ സംഘം ഫ്‌ളാറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു. വിശദമായ പൊളിക്കല്‍ രൂപരേഖ ഇനി ജില്ലാ ഭരണകൂടത്തിനു നല്‍കുകയും ചെയ്യും. ആറുമാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കും. മൂന്നുമാസത്തിനുള്ളില്‍ അവശിഷ്‌ടങ്ങള്‍ നീക്കും.
ബൈജു ഭാസി