
റായ്പൂര്‍: ഛത്തീസ്ഗഡില്‍ വനിതാ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദാന്തേവാഡ ബിജാപൂര്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിലാണ് വനിതാ മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തിമേഖലയില്‍ മാവോയിസ്റ്റ് നേതാക്കളെത്തിയെന്ന രഹസ്യ വിവരത്തേ തുടര്‍ന്നാണ് സേന ഇവിടെ എത്തിയത്.
ഓട്ടോമാറ്റിക് ഇന്‍സാസ് റൈഫിളാണ് കൊല്ലപ്പെട്ടവരില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇതോടെ ഈ വര്‍ഷം മാത്രം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135 ആയി. കഴിഞ്ഞ വര്‍ഷം 219 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പോലീസ് വിശദമാക്കുന്നത്.
മാവോയിസ്റ്റ് സംഘം ഉപയോഗിച്ചുകൊണ്ടിരുന്ന സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2026 മാര്‍ച്ചോടെ ഇടതുപക്ഷ തീവ്രവാദത്തിന്റെ വേരറുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മേഖലയില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.