![idukki, elephant, attack, woman, dead, autopsy, today](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763350/sophia-elephant-attack.gif?w=640&ssl=1)
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്റെ കുടുംബത്തിന് ധനസഹായമായ 10 ലക്ഷം രൂപം ഇന്ന് കൈമാറും. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. കാട്ടാന ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. സോഫിയയെ കാട്ടാന ചവിട്ടി കൊന്നതിനെ തുടര്‍ന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ക്കാണ് കളക്ടര്‍ ഉറപ്പ് നല്‍കിയത്. കളക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പന്‍പാറയിലാണ് കാട്ടാന സോഫിയയെ ചവിട്ടി കൊന്നത്. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടര്‍ന്ന് മകന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ നേതൃത്ത്വത്തില്‍ പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടുനിന്നു. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. സംഭവസ്ഥലത്ത് നിന്നും മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.