എഴുത്തുകാര്‍ നുണകള്‍ പടച്ചുവിടുന്നവര്‍ ആകരുതെന്നാണ് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്
കൊച്ചി: ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച കെ ആര്‍ മീരയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. എഴുത്തുകാര്‍ നുണകള്‍ പടച്ചുവിടുന്നവര്‍ ആകരുതെന്നാണ് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്. ചരിത്രത്തോടോ വര്‍ത്തമാനത്തോടോ യാതൊരു നീതിയും പുലര്‍ത്താതെയാണ് കെ ആര്‍ മീരയുടെ പ്രതികരണം. ബിജെപിയുടെ അലര്‍ച്ച കണ്ടിട്ട് അനങ്ങിയിട്ടില്ല, പിന്നെയാണ് കെ ആര്‍ മീരയുടെ മുരള്‍ച്ചയെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.
ഓര്‍മയുടെ ഞരമ്പുകളില്‍’ ബലക്ഷയം തോന്നുന്നുണ്ടെങ്കില്‍ ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമമെന്നും അബിന്‍ വര്‍ക്കി പരിഹസിച്ചു. മുടിചൂടാ മന്നന്‍മാരായ സഖാക്കന്മാരായ ‘ആരാച്ചാര്‍മാര്‍’ നോക്കിയിട്ട് കോണ്‍ഗ്രസിനെ തൂക്കിലേറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ ആര്‍ മീര എന്ന പേപ്പര്‍ ‘ആരാച്ചാര്‍’ നോക്കിയാല്‍ അതിന് സാധിക്കില്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍’
ഗാന്ധി സൂക്തമാണ്. പുസ്തകങ്ങള്‍ക്ക് പിന്നില്‍ എഴുത്തുകാരന്റെ ചിന്തകള്‍ കൂടിയുണ്ടാകുമല്ലോ. നിലപാടുകളില്‍ യോജിപ്പും വിയോജിപ്പുമുണ്ടാകാം. പക്ഷേ നുണകള്‍ പടച്ചുവിടുന്നവര്‍ ആകരുത് എഴുത്തുകാര്‍. മഹാത്മാഗാന്ധിയെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചുമുള്ള കെ ആര്‍ മീരയുടെ പോസ്റ്റിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. മഹാത്മാഗാന്ധിയെ കോണ്‍ഗ്രസ് തുടച്ചുനീക്കാന്‍ തുടങ്ങിയിട്ട് പത്തെഴുപത്തി അഞ്ചു കൊല്ലമായി എന്നാണ് മീര പറയുന്നത്.
പ്രിയ എഴുത്തുകാരീ…
മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറുവര്‍ഷം കെപിസിസി ആചരിക്കുന്നത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെയാണ് എന്ന കാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ അറിയില്ല. ടി എന്‍ പ്രതാപന്‍ അധ്യക്ഷനായ പ്രത്യേക കമ്മിറ്റി തന്നെ അതിന് രൂപീകരിച്ചിട്ടുണ്ട്. ശ്രീ. എ കെ ആന്റണി ഉദ്ഘാടനം ചെയ്ത്, പ്രൊഫസര്‍ ആശിഷ് മുഖര്‍ജിയും, പ്രൊഫസര്‍ രാജീവനും ഒക്കെ പങ്കെടുത്ത സെമിനാര്‍ ആദ്യ പരിപാടിയായി കെ.പി.സി.സിയില്‍ നടക്കുകയുണ്ടായി. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കഴിഞ്ഞ ജനുവരി 26ന് കേരളത്തില്‍ ആകമാനം ഉള്ള വാര്‍ഡ് കമ്മിറ്റികള്‍ മഹാത്മാഗാന്ധിയുടെ സ്മരണകള്‍ പുതുക്കിയിരുന്നു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് തുടങ്ങി ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന 21,900 വാര്‍ഡുകളിലെ കുടുംബ സംഗമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചനയോട് കൂടി തുടങ്ങി അദ്ദേഹത്തിന്റെ ലഘു ജീവചരിത്രം വായിച്ച്, മഹാത്മാവിന് ഏറ്റവും ഇഷ്ടമായിരുന്ന’വൈഷ്ണവ ജനത’ എന്ന പ്രാര്‍ത്ഥന ഗീതവുമായി ആണ് കുടുംബ സംഗമങ്ങള്‍ പുരോഗമിക്കുന്നത്. ഇതിവിടെ വിശദമായി പറയാന്‍ കാരണം
ചരിത്രത്തോടോ വര്‍ത്തമാനത്തോടോ യാതൊരു നീതിയും പുലര്‍ത്താതെയാണ് ശ്രീമതി കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയുടെ ഓര്‍മകള്‍ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസിനോടൊപ്പം കോണ്‍ഗ്രസ് ആണെന്നാണ് അവരുടെ മുരള്‍ച്ച. കര്‍ണാടകയിലെ ബിജെപി എംഎല്‍എ ഗാന്ധിയെ കൊന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് പങ്കുണ്ടെന്ന അലര്‍ച്ചയ്ക്ക് ശേഷമാണ് കേരളത്തിലെ സഖാവ് എന്നറിയപ്പെടുന്ന സംഘിണിയായ കെ ആര്‍ മീരയുടെ മുരള്‍ച്ച.
ശ്രീമതി കെ ആര്‍ മീരയോട് ഞങ്ങള്‍ക്ക് പറയാനുള്ളത്.
ബിജെപിയുടെ അലര്‍ച്ച കണ്ടിട്ട് അനങ്ങിയിട്ടില്ല, പിന്നെയാണ് കെ ആര്‍ മീരയുടെ മുരള്‍ച്ച. ‘ഓര്‍മ്മയുടെ ഞരമ്പുകളില്‍’ ബലക്ഷയം തോന്നുന്നുണ്ടെങ്കില്‍ ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം. കാരണം ശ്രീമതി കെ ആര്‍ മീര, മുടിചൂടാ മന്നന്‍മാരായ സഖാക്കന്മാരായ ‘ആരാച്ചാര്‍മാര്‍’ നോക്കിയിട്ട് കോണ്‍ഗ്രസിനെ തൂക്കിലേറ്റാന്‍ നടന്നിട്ടില്ല, പിന്നെയാണ് കെ ആര്‍ മീര എന്ന പേപ്പര്‍ ‘ആരാച്ചാര്‍’ നോക്കിയാല്‍. ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം.