Posted By: Nri Malayalee
February 21, 2025

സ്വന്തം ലേഖകൻ: അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സുമാര്‍ ബോഡി ക്യാമറ ധരിക്കാന്‍ തുടങ്ങി. അക്രമാസക്തവും പ്രകോപനപരവുമായ സമീപനം രോഗികളില്‍ നിന്നും ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്നത് വര്‍ദ്ധിച്ചു വരുന്നതായി റോയല്‍ ഫ്രീ ലണ്ടന്‍ എന്‍ എച്ച് എസ് ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് തൊഴിലിടത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍ നല്‍കിയതെന്ന് ആശുപത്രിയുടെ സുരക്ഷാ വിഭാഗം മേധാവി അറിയിച്ചു.
2024 ല്‍ ഈ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിലും മറ്റുമാഇ ജീവനക്കാര്‍ക്കെതിരെ നടന്ന 2,834 കൈയ്യേറ്റ ശ്രമങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ 91 ശതമാനവും അക്രമാസക്തവും പ്രകോപന പരവുമായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ബോഡി ക്യാമറ ഉപയോഗിക്കുക വഴി ലക്ഷ്യമിടുന്നതെന്നും മേധാവി പറഞ്ഞു. റോയല്‍ ഫ്രീ ഹോസ്പിറ്റല്‍, ബാര്‍ണെറ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ അടിയന്തിര ചികിത്സാ വിഭാഗങ്ങളിലും സെയിന്റ് പാങ്ക്രാസ് ഹോസ്പിറ്റലിലെ മേരി റാന്‍കിന്‍ യൂണിറ്റിലും ജോലി ചെയ്യുന്ന നഴ്സുമാര്‍ ആയിരിക്കും പ്രധാനമായും ഈ ക്യാമറകള്‍ ഉപയോഗിക്കുക.
അക്രമ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നു എന്നതാണ് ഈ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണം. വളരെ ചെറിയ ഈ ക്യാമറകള്‍ നഴ്സുമാരുടെ യൂണിഫോമിലെ മുന്‍ഭാഗത്തെ പോക്കറ്റിലായിരിക്കും ഘടിപ്പിക്കുക. കേവലം ഒരു പ്രാവശ്യം അമര്‍ത്തുക മാത്രം ചെയ്ത് ഈ ക്യാമറകള്‍ വഴി ഓഡിയോയും വീഡിയോയും റെക്കോര്‍ദ് ചെയ്യാവുന്നതാണ്. അല്ലാത്ത സമയങ്ങളില്‍ ഇവ പ്രവര്‍ത്തന രഹിതമായിരിക്കും.