ദുബായ് > അനധികൃത വാഹന മാറ്റങ്ങൾക്ക് ദുബായ് പോലീസ് ഈ വർഷം 12,019 വാഹനങ്ങൾക്ക് പിഴ ചുമത്തി. അമിത ശബ്‌ദത്തിനും ശല്യത്തിനും കാരണമാകുന്ന വാഹനങ്ങളാണ് പൊലീസ് കണ്ടെത്തിയത്. വലിയ ശബ്‌ദം സൃഷ്‌ടിക്കുന്ന തരത്തിൽ പരിഷ്‌ക്കരിച്ച 5,523 വാഹനങ്ങൾക്കും ശരിയായ പെർമിറ്റില്ലാതെ എൻജിനിലോ മറ്റോ കാര്യമായ മാറ്റങ്ങൾ വരുത്തിയ കുറ്റത്തിന് 6,496 വാഹനങ്ങൾക്കുമാണ് പിഴ ചുമത്തിയത്.
ഇത്തരം കുറ്റങ്ങൾക്ക് 12 ബ്ലാക്ക് പോയിൻ്റുകൾക്ക് പുറമെ 2,000 ദിർഹം പിഴയും ശിക്ഷ ലഭിക്കും. 2023ലെ ഡിക്രി നമ്പർ 30 പ്രകാരം ശല്യം ഉണ്ടാക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കഴിയുമെന്ന് ദുബായ് പോലീസിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു . കണ്ടുകെട്ടിയ വാഹനത്തിന് 10,000 ദിർഹം വരെ പിഴ നൽകാം.
ജീവനും റോഡ് സുരക്ഷയും സ്വത്തും അപകടപ്പെടുത്തുന്ന പ്രവൃത്തികൾക്ക് പിഴ ചുമത്തുമെന്നും എഞ്ചിൻ വേഗത കൂട്ടുന്ന സാങ്കേതിക വിദ്യകൾ വാഹനങ്ങളിൽ സജ്ജീകരിക്കരുതെന്നും ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ പെരുമാറ്റം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. ദുബായ് പോലീസ് ആപ്പിലെ “പോലീസ് ഐ” അല്ലെങ്കിൽ “വി ആർ ഓൾ പോലീസ്” സേവനങ്ങൾ വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ