• Fri. Apr 4th, 2025

24×7 Live News

Apdin News

‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി ഹൈക്കോടതി

Byadmin

Apr 1, 2025





കൊച്ചി: എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു. എമ്പുരാനെതിരെ ഹര്‍ജിക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു.

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ല. എമ്പുരാന്‍ സിനിമയ്ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. എമ്പുരാന്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി അവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.

ബിജെപി പ്രവര്‍ത്തകനായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംഭവം വിവാദമായതിന് പിന്നാലെ വിജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എമ്പുരാന്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതില്‍ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.



By admin