പാരീസ്: ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്‌ട്ര എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ‘ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ വർഷം നവംബർ 15ന് ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിറ്റൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ ക്കുറിച്ച് അന്ന് ഇരു നേതാക്കളും നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് ഈ വരുന്ന ഫെബ്രുവരി 10,11 തിയതികളിൽ നടക്കാൻ പോകുന്ന അന്താരാഷ്‌ട്ര എഐ ആക്ഷൻ ഉച്ചകോടിയിൽ ഫ്രാൻസിലേയ്ക്ക് മോദി എത്തുന്നത്.
“അന്താരാഷ്‌ട്ര എഐ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞങ്ങൾ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു. ഞങ്ങൾ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു”, പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
അമേരിക്ക, ചൈന, ഇന്ത്യ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മാക്രോൺ പറഞ്ഞു. ഫ്രാൻസിൽ വെച്ച് അന്താരാഷ്‌ട്ര എഐ ആക്ഷൻ ഉച്ചകോടി സംഘടിപ്പിക്കാൻ ഇമ്മാനുവൽ മക്രോൺ കാട്ടിയ താൽപര്യത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എഐ ആക്ഷൻ ഉച്ചകോടിയുടെ മുൻ സമ്മേളനങ്ങൾ 2023 നവംബറിൽ യു കെ യിലും 2024 മെയ് മാസത്തിൽ ദക്ഷിണ കൊറിയയിലും വെച്ച് നടന്നിരുന്നു.