• Tue. Mar 11th, 2025

24×7 Live News

Apdin News

അമേരിക്ക നാറ്റോ വിടണം: ഇലോൺ മസ്ക്

Byadmin

Mar 11, 2025


വാഷിങ്ടൺ: നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ(നാറ്റോ)സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തു കടക്കണമെന്ന് പ്രഖ്യാപനവുമായി ഇലോൺ മസ്ക്. ഇപ്പോൾ തന്നെ നാറ്റോയിൽ നിന്നു പുറത്തു കടക്കണമെന്ന് എക്സിൽ പ്രചരിച്ച പോസ്റ്റിനു മറുപടിയായിട്ടായിരുന്നു നമ്മൾ തീർച്ചയായും അങ്ങനെ ചെയ്യണം എന്ന മസ്കിന്‍റെ പ്രതികരണം.

യൂറോപ്പിന്‍റെ പ്രതിരോധത്തിന് അമേരിക്ക പണം നൽകുന്നതിൽ യാതൊരു അർഥവുമില്ലെന്നും ഡോജ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് വ്യക്തമാക്കി.

32 അംഗ നാറ്റോ സഖ്യം ഏപ്രിലിൽ 76ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങവേയാണ് മസ്കിന്‍റെ പരാമർശം എന്നത് ശ്രദ്ധേയമാണ്. ഇതിനിടെ ട്രംപിന്‍റെ വലംകൈയായി മാറിയ മസ്കിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയും ഗതാഗത സെക്രട്ടറി ഷോൺ ഡാഫിയുമാണ് മസ്കിന്‍റെ കടുത്ത വിമർശകർ.

ഗുണദോഷങ്ങൾ കണക്കിലെടുക്കാതെയാണ് മസ്ക് ജീവനക്കാരെ പിരിച്ചു വിട്ടത് എന്നായിരുന്നു അവരുടെ മുഖ്യ ആക്ഷേപം. മസ്ക് ആവിഷ്കരിച്ച വെട്ടിക്കുറയ്ക്കൽ മാർഗനിർദേശത്തിന്‍റെ മാനുഷികവും രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ചില റിപ്പബ്ലിക്കൻ സെനറ്റർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ ഇടപെടൽ നടത്തിയതായി ദ ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഫെഡറൽ സർക്കാർ കൂടുതൽ കാര്യക്ഷമമാകുന്നതിനുള്ളതും ചെലവു കുറയ്ക്കൽ നടപടികളും ജീവനക്കാരുടെ സ്ഥിതിഗതികളും ചർച്ച ചെയ്യുന്നതിനുമായി ചില യോഗങ്ങൾ നടത്തിയത് ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

എന്നാൽ ജനപക്ഷ വാദികളും കോടീശ്വരന്മാരും തമ്മിലുള്ള പോരാട്ടമായാണ് ഇതിനെ ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന സ്റ്റീവ് ബാനൺ വിശേഷിപ്പിച്ചത്.

By admin