
എമ്പുരാന്റേതായി ഏറ്റവും ആദ്യം പുറത്തുവന്ന പോസ്റ്ററുകളിലൊന്ന് ഡ്രാഗന്റെ മുദ്ര പതിപ്പിച്ച വെള്ള വസ്ത്രം ധരിച്ചു പുറം തിരിഞ്ഞു നിൽക്കുന്നയാളുടേതായിരുന്നു. പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ആ കഥാപാത്രമാരാണെന്ന ഫാൻ തിയറികൾക്കൊണ്ട് സോഷ്യൽ മീഡിയ നിറയുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയതായി റീലിസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ 13 ആമത്തെ ക്യാരക്റ്റർ പോസ്റ്റർ എറിക്ക് എബൗനി എന്ന അമേരിക്കൻ – ഫ്രഞ്ച് നടന്റേതാണ്. കബുഗ എന്ന കഥാപാത്രത്തെയാണ് എറിക്ക് എബൗനി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. മുൻപ് റിലീസ് ചെയ്ത പോസ്റ്ററിൽ മുഖം കാണിക്കാതിരുന്ന കഥാപാത്രം കബുഗയാണോ എന്ന ചർച്ചയിലാണ് ഇപ്പോൾ ആരാധകർ.
പോസ്റ്ററിലുള്ളത് ഫഹദ് ഫാസിൽ ആണെന്ന് ആരാധകരിൽ പലരും പ്രവചിച്ചിരുന്നെകിലും, എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ പ്രിത്വിരാജ് നോർത്ത് ഇന്ത്യൻ മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖത്തിൽ, പോസ്റ്ററിലെ വ്യക്തി ഫഹദോ, ബേസിൽ ജോസഫോ, മമ്മൂട്ടിയോ അല്ല എന്ന് സ്ഥിരീകരിച്ചിരുന്നു.
“ചിത്രത്തിനായി അമേരിക്കയിൽ നിന്നും യുക്കെയിൽ നിന്നും പ്രഗത്ഭരായ അഭിനേതാക്കളെ സമീപിക്കുകയും, വമ്പൻ പ്രതിഫലം കൊടുക്കേണ്ടിയിരുന്നതിനാൽ, ആ ശ്രമം ഉപേക്ഷിക്കേണ്ടിയും വന്നു, എന്നാൽ വിദേശ സിനിമകളിലൂടെ ഭാഗമായ ചില അഭിനേതാക്കൾ ചിത്രത്തിൽ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ” പൃഥ്വിരാജ് പറഞ്ഞു.
എന്നാൽ അടുത്തിടെ മോഹൻലാലും പ്രിത്വിരാജും ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന വൈറൽ സെൽഫി എമ്പുരാനിലെ ഫഹദിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനയാണോ എന്ന് ആരാധകർ സംശയിച്ചു നിൽക്കുമ്പോൾ ആണ് കബുഗയുടെ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.
എമ്പുരാന്റെ ടീസറിൽ ഖുറേഷി അബ്രഹാമെന്ന മോഹൻലാലിൻറെ കഥാപാത്രത്തെ പിടികൂടാൻ ഒരു പള്ളി വളയുന്ന അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് പറയുന്നത്, ‘സർ നമുക്ക് മുഴുവൻ കാബുഗ കാർട്ടലിനെയും, ഖുറേഷി എബ്രഹാം നെക്സസിനെയും ഒരുമിച്ച് കിട്ടിയിരിക്കുന്നു’ എന്നാണ്. ചിത്രത്തിലെ ആ രംഗം സംഭവിക്കുന്നത് വടക്കൻ ഇറാഖിലെ ഖറഖോഷിൽ ആണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. എറിക്ക് എബൗനി കബുഗയെ പറ്റി പറഞ്ഞിരിക്കുന്നത് അതൊരു ഒരു വില്ലൻ കഥാപാത്രം ആണെന്നാണ്.