• Tue. Oct 15th, 2024

24×7 Live News

Apdin News

അറബ് സയൻസ് ഫെസ്റ്റിൽ ഒമാനി വിദ്യാർഥിനികൾക്ക് ജയം

Byadmin

Oct 14, 2024



മസ്കത്ത് > കുവൈത്തിൽ നടന്ന ഷൈഖ ഫാദിയ അൽ സാദ് അൽ സബാ സയൻ്റിഫിക് റിസർച്ച് ആൻഡ് പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒമാനി വിദ്യാർത്ഥിനികൾ. മുല്ലയിലയിൽ നിന്ന് കീടനാശിനി നിർമിച്ചെടുക്കാനുള്ള ജൈവ സാങ്കേതിക പ്രോജക്ടാണ് സമ്മാനാർഹമായത്. ദക്ഷിണ ബാത്തിനയിലെ ദുറത്ത് അൽ ഹഷെമിയ ബേസിക് എജ്യുക്കേഷൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ റഹാഫ് ബിൻത് വാലിദ് അൽ ഷിലിയും ഫാത്തിമ ബിൻത് യൂസഫ് അൽ മാവ്ലിയും ചേർന്നാണ് പ്രോജക്ട് തയ്യാറാക്കിയത്. ജീവശാസ്ത്ര അധ്യാപിക സുആദ് അൽ ഹസാനിയാണ് പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

‘ഭാവിയിലെ വിദ്യാഭ്യാസം: സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ സുസ്ഥിരതയ്ക്കു വേണ്ടി’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രദർശനത്തോടെയും അക്കാദമിക് സംവാദത്തോടെയുമാണ് രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടി ആരംഭിച്ചത്. സുസ്ഥിര വിദ്യാഭ്യാസ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിൽ വിദ്യാർത്ഥികളുടെ ക്രിയാത്മകമായ കഴിവുകൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഊന്നിയ ചർച്ചകൾ രണ്ടാം ദിവസം നടന്നു. സമാപനച്ചടങ്ങിൽ ഷെയ്ഖ ഫാദിയ അൽ സാദ് അൽ സബാഹ് വിജയികളെ പ്രഖ്യാപിച്ചു.

മത്സരത്തിലെ ഒമാൻ്റെ പങ്കാളിത്തം വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര സാങ്കേതിക വിദ്യകളിലെ അഭിരുചി വളർത്തുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം കാട്ടുന്ന പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണെന്നും, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ രാജ്യത്തിന്റെ മുന്നേറ്റമാണ് ഈ വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്നും വിദ്യാർത്ഥികളുടെ ശാസ്ത്ര വിഷയങ്ങളിലെ പരിജ്ഞാനവും പ്രായോഗിക കഴിവുകളും വർദ്ധിപ്പിക്കുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം വിലപ്പെട്ടതാണെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഇന്നൊവേഷൻ ആൻഡ് സയൻ്റിഫിക് ഒളിമ്പ്യാഡ് ഡിപ്പാർട്ട്മെൻ്റ് ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ ശാസ്ത്രസാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളിലേക്ക് വിദ്യാർത്ഥികളെ വഴിനടത്താനും, അത്തരം മേഖകളിൽ അവരുടെ അനുഭവങ്ങൾ സമ്പന്നമാക്കാനും, ഭാവിയിൽ വന്നു ചേർന്നേക്കാവുന്ന വെല്ലുവിളികൾക്ക് അവരെ സജ്ജമാക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നതായും അവർ കൂട്ടിച്ചേർത്തു.

1999 ൽ തുടക്കമിട്ട ശൈഖ ഫാദിയ അൽ സാദ് അൽ സബാഹ് സയൻ്റിഫിക് റിസർച്ച് ആൻഡ് പ്രോജക്ട് മത്സരം മിഡിൽ, ഹൈസ്കൂൾ പെൺകുട്ടികൾക്കായി സംഘടിപ്പിക്കപ്പെടുന്ന വാർഷിക പരിപാടിയാണ്. മിഡിൽ സ്കൂൾ തലത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും, ഹൈസ്കൂൾ തലത്തിൽ വിശാല സാങ്കേതിക മേഖലകളുമാണ് പ്രോജക്ടുകൾക്കായി നൽകിയതെന്നും,12 അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ ഈ വർഷം മത്സരങ്ങൾ പങ്കെടുത്തതായും, മത്സരത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥിനികളേയും അഭിനന്ദിക്കുന്നതായും സംഘാടകർ പറഞ്ഞു.

By admin