Posted By: Nri Malayalee
December 24, 2024
സ്വന്തം ലേഖകൻ: പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടര മണിക്കൂറിലധികമാണ് അല്ലു അർജുനെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരുന്നു.
യുവതി മരിച്ചത് അറിഞ്ഞിരുന്നോ എന്ന പൊലീസിന്റെ പ്രധാനചോദ്യത്തോട് അല്ലു മറുപടി നൽകിയില്ലെന്നാണ് സൂചന. ഇതേ ചോദ്യം തന്നെ ആവർത്തിച്ചു ചോദിച്ചിട്ടും താരം മിണ്ടിയില്ല. അതേസമയം, അല്ലുവിന്റെ ബൗൺസർ ആന്റണി ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീയറ്ററിൽ ഉണ്ടായിരുന്നവരെ ഇയാൾ പിടിച്ചു തള്ളിയ ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെയാണ് നടപടി.
ഈ മാസം 4ന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രിമിയർ ഷോ കാണാൻ എത്തിയത്.
അല്ലു അർജുൻ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്. സന്ധ്യാ തിയേറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്.