• Sun. Oct 13th, 2024

24×7 Live News

Apdin News

അവധിക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌; സിംഗപ്പൂരിലെ ജീവനക്കാരിക്ക്‌ 3 ലക്ഷം രൂപ പിഴ

Byadmin

Oct 13, 2024


ജോലിയില്‍ നിന്ന്‌ ഒന്‍പത്‌ ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയ ജീവനക്കാരിക്ക്‌ സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. അമ്മയുടെ ആരോഗ്യ പ്രശ്‌നം കാരണം കുറച്ച്‌ ദിവസം അവധിയെടുക്കാന്‍ ആഗ്രഹിച്ച സു ക്വിന്‍ എന്ന 37കാരിക്കാണ്‌ ഈ അനുഭവം. പഴയൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റെടുത്ത്‌ അതില്‍ ചില്ലറ ഫോട്ടോഷോപ്പ്‌ ചെയ്‌തുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണ്‌ സുക്വിന്‍ ജോലി ചെയ്യുന്ന ഇടിസി സിംഗപ്പൂര്‍ എസ്‌ഇസിയില്‍ നല്‍കിയത്‌. ഈ വര്‍ഷം മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ 3 വരെയാണ്‌ അവധിയെടുത്തത്‌. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്യുആര്‍ കോഡ്‌ അവ്യക്തമാക്കി നല്‍കിയതാണ്‌ സു ക്വിന്റെ കള്ളി വെളിച്ചത്താക്കിയത്‌.

വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ശേഷം ഏപ്രില്‍ 4ന്‌ സു ക്വിന്‍ ജോലിയില്‍ നിന്ന്‌ രാജി വച്ചു. അവധിയും മറ്റ്‌ ആനുകൂല്യങ്ങളും കമ്പനി പരിശോധിച്ചപ്പോഴാണ്‌ വ്യാജ സര്‍ട്ടിഫിക്കറ്റിലെ അവ്യക്തമായ ക്യു ആര്‍ കോഡ്‌ എച്ച്‌ആര്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്‌. അത്‌ സ്‌കാന്‍ ചെയ്യുമ്പോള്‍ ബ്രോക്കന്‍ വെബ്‌ ലിങ്കിലേക്കാണ്‌ പോകുന്നതെന്ന്‌ എച്ച്‌ആര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ഹാജരാക്കാന്‍ എച്ച്‌ആര്‍ ആവശ്യപ്പെട്ടു. സോഫ്‌ട്‌ വെയര്‍ ഡവലപ്പറായ ക്വിന്‍ പുതിയൊരു വെബ്‌സൈറ്റ്‌ ഉണ്ടാക്കി പുതിയ ക്യു ആര്‍ കോഡ്‌ ജനറേറ്റ്‌ ചെയ്‌തു.

വീണ്ടും ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ പുതിയ ക്യു ആര്‍ കോഡ്‌ വ്യാജ സര്‍ട്ടിഫിക്കറ്റിലേക്ക്‌ ചേര്‍ത്തു. ഏപ്രില്‍ എട്ടിന്‌ രണ്ടാമത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ കമ്പനിക്ക്‌ നല്‍കി. തുടര്‍ന്ന്‌ വിശദമായി ഈ രേഖകള്‍ പരിശോധിച്ച എച്ച്‌ആര്‍ വിഭാഗം രണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന്‌ കണ്ടെത്തുകയും 24 മണിക്കൂര്‍ നോട്ടീസോട്‌ കൂടി സുക്വിനെ പിരിച്ച് വിടുകയും ചെയ്‌തു. പൊലീസില്‍ പരാതി നല്‍കിയ കമ്പനി 5000 സിംഗപ്പൂര്‍ ഡോളര്‍ നഷ്ടപരിഹാരമായും ആവശ്യപ്പെട്ടു.

By admin