
വാഷിങ്ടൺ ഡി.സി: ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതിനെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരിൽ 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരുന്നത്. ഈ സഹായം ഡൊണാൾഡ് ട്രംപ് റദ്ദാക്കി. സർക്കാരിന്റെ ചെലവ് കുറയ്ക്കൽ വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് ( DOGE) ആണ് ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. സാമ്പത്തിക വളര്‍ച്ചയുള്ള, ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല.
എന്തിനാണ് നമ്മൾ ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്. അവരുടെ കൈവശം ധാരാളം പണമുണ്ട്. നമ്മളെ സംബന്ധിച്ച് ലോകത്തിലേറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയർന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യൻ ; വിപണിയിൽ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും തനിക്ക് ബഹുമാനമുണ്ട്, പക്ഷെ വോട്ടർമാരുടെ പങ്കാളിത്തമുറപ്പാക്കാൻ 21 മില്യൺ ഡോളർ ( 160 കോടി രൂപ) എന്തിന് കൊടുക്കണം ട്രംപ് ചോദിച്ചു. ഇന്ത്യയ്ക്കുള്ള ധനസഹായം നിർ ത്തലാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുന്ന സമയത്താണ് ട്രംപിന്റെ പ്രതികരണം.
ഫെബ്രുവരി 16നാണ് ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡോജ് ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കൻ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങൾക്ക് ചെലവഴിക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിവിധ പേരിൽ നൽകിയിരുന്ന സാമ്പത്തിക സഹായം ഡോജ് നിർത്തലാക്കാൻ തീരുമാനിച്ചത്.
അതേസമയം അമേരിക്കൻ സാമ്പത്തിക സഹായത്തിന്റെ പേരിൽ ഇന്ത്യയിൽ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. അമേരിക്കൻ സാമ്പത്തിക സഹായം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണിതെന്നാണ് ബിജെപി ആരോപിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ ചില ശക്തികൾക്ക് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നൽകിയെന്നാണ് ബിജെപി ആരോപിച്ചത്. ഇതിനെല്ലാം പിന്നിൽ ജോർജ് സോറോസ് ആണെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ആരോപിച്ചിരുന്നു.
അതേസമയം അമേരിക്കൻ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിലോ തിരഞ്ഞെടുപ്പ് പ്രക്രിയയിലോ ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടൽ അനാവശ്യമാണ്. അക്കാര്യം കോൺഗ്രസ് പാർട്ടിക്ക് വ്യക്തമാണ്, ഞങ്ങൾ അതിനെ എതിർക്കുന്നു. ഇത് അപലപനീയമാണെന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു.