
കൊച്ചി: സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ നടി ശ്വേതാ മേനോനെതിരേ കേസെടുത്ത് പോലിസ്. എറണാകുളം സെന്‍ട്രല്‍ പോലിസാണ് നടിയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്‌നത പ്രദര്‍ശിപ്പിച്ചു, സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അനാശാസ്യ നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
മാര്‍ട്ടിന്‍ മെനാച്ചേരി എന്നയാളുടെ പരാതിയിലാണ് കേസ്. രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരന്‍ അശ്ലീലരംഗങ്ങളായി പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മല്‍സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്ന ചര്‍ച്ചയും ഉയര്‍ന്നുവരുന്നുണ്ട്.