
ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള 252 കർദിനാൾമാരിൽ, 80 വയസിനു താഴെ പ്രായമുള്ളവർ ചേർന്നാണ്. ഇങ്ങനെ 138 പേർക്കാണ് ഇപ്പോൾ വോട്ടവകാശം. മാമ്മോദീസ മുങ്ങിയ, റോമൻ കത്തോലിക്കനായ പുരുഷനായിരിക്കണം മാർപാപ്പ എന്നു മാത്രമാണ് ചട്ടം. എന്നാൽ, കർദിനാൾമാരിൽ ഒരാൾ തന്നെയാണ് നൂറ്റാണ്ടുകളായി ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാറുള്ളത്.
സിസ്റ്റൈൻ ചാപ്പലിൽ, പുറംലോകവുമായി ബന്ധമില്ലാതെ കർദിനാൾമാർ സഭകൂടിയാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. ആരെങ്കിലും ഒരാൾക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടുന്നതു വരെ രഹസ്യ ബാലറ്റ് തുടരും.
നിലവിൽ വോട്ടവകാശമുള്ള 138 കർദിനാൾമാരിൽ 110 പേരെയും ഫ്രാൻസിസ് മാർപാപ്പ തന്നെ നിയമിച്ചവരാണ്. മുൻകാലങ്ങളിലെ അപേക്ഷിച്ച് ഏഷ്യക്കും ആഫ്രിക്കയ്ക്കും ലാറ്റിൻ അമെരിക്കയ്ക്കും ഇപ്പോൾ കൂടുതൽ പ്രാതിനിധ്യമുണ്ട്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകൾക്കിടെ ആദ്യമായി ആഫ്രിക്കയിൽനിന്നോ ഏഷ്യയിൽനിന്നോ ഉള്ള ഒരു കർദിനാൾ കത്തോലിക്കാ സഭയുടെ 267ാം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ ഇത്തവണ സാധ്യത കൂടുതലാണ്.
ഘാനയിൽനിന്നുള്ള പീറ്റർ ടർക്ക്സൺ, കോംഗോയിൽ നിന്നുള്ള ഫ്രിഡോലിൻ അംബോംഗോ എന്നിവരുടേതാണ് ആഫ്രിക്കയിൽനിന്ന് സാധ്യത കൽപ്പിക്കപ്പെടുന്ന പേരുകൾ. യാഥാസ്ഥിതിക പക്ഷത്ത് നിലകൊള്ളുന്ന ഇരുവരും അവരവരുടെ രാജ്യങ്ങളിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ ശ്രദ്ധേയരായിരുന്നു.
ഏഷ്യയിൽനിന്നുള്ള കർദിനാൾമാരിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് ഫിലിപ്പീൻസിലെ മനിലയിൽ ആർച്ച് ബിഷപ്പായിരുന്ന ലൂയി ടാഗിളിനാണ്. ഫ്രാൻസിസ് മാർപാപ്പയെ പോലെ പാവങ്ങളോടുള്ള കരുണയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നിലപാടുകളുമാണ് അദ്ദേഹത്തെയും ശ്രദ്ധേയനാക്കുന്നത്.
കർദിനാൾ പീറ്റർ ടർക്ക്സൺ, കർദിനാൾ ഫ്രിഡോലിൻ അംബോംഗോ, കർദിനാൾ ലൂയി ടാഗിൾ.
എന്നാൽ, സഭയിലെ യാഥാസ്ഥിതിക പക്ഷം പിന്തുണ നൽകാൻ സാധ്യതയുള്ള കർദിനാൾ ഹംഗറിയിൽനിന്നുള്ള പീറ്റർ എർദോയാണെന്നും വിലയിരുത്തപ്പെടുന്നു. വിവിധ സഭകളുടെ ഐക്യത്തിനു വേണ്ടി നിരന്തരം വാദിക്കുന്ന ആളാണ് കർദിനാൾ എർദോ.
നിലവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കർദിനാൾ പിയട്രോ പരോലിനും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നു. ഇറ്റലിയിൽ നിന്നുള്ള മാറ്റിയോ സുപ്പി, മാൾട്ടയിൽനിന്നുള്ള മരിയോ ഗ്രെച്ച് എന്നിവരാണ് പരിഗണിക്കപ്പെടാനിടയുള്ള മറ്റു പ്രമുഖർ.