ന്യൂഡൽഹി: സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ ജന്തർ മന്തിറിൽ കഴിഞ്ഞ 50 ദിവസമായി നടന്ന് വന്ന സമരം അവസാനിപ്പിക്കാൻ തീരുമാനം. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്.
ഉറപ്പുകൾ ചെവ്വാഴ്ചയ്ക്കകം എഴുതി നൽകും. കൂടിക്കാഴ്ചയ്ക്ക് മുമ്പായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പിൻവലിക്കുമെന്നും സമരക്കാർക്ക് കേന്ദ്ര സർക്കാർ ഉറപ്പ് നൽകി.
കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികളുമായി നടന്ന മൂന്ന് ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ ഉറപ്പുകളിൽ വിശ്വാസം അർപ്പിച്ചാണ് സമരം പിൻവലിക്കുന്നതെന്നും, വാഗ്ദാനം ചെയ്ത സമയപരിധിക്കുള്ളിൽ എല്ലാ തീരുമാനങ്ങളും നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ തങ്ങളുടെ ആദ്യ ആവശ്യം സർക്കാർ അംഗീകരിച്ചതായും സിജെപി കൂട്ടിച്ചേർത്തു. പ്രതിഷേധക്കാരും സംഘാടകർക്കും എതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും പിൻവലിക്കണമെന്ന സിജെപിയുടെ രണ്ടാമത്തെ ആവശ്യവും സർക്കാർ അംഗീകരിച്ചതായി സൗരവ് ദാസ് വ്യക്തമാക്കി.
ഡൽഹിയിൽ മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത കേസുകൾക്കും ഇത് ബാധകമാണെന്ന് സൗരവ് ദാസ് കൂട്ടിച്ചേർത്തു. ഡൽഹിയിലേതു മാത്രമല്ല ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിഷേധക്കാരെതിരായ എഫ്‌ഐആറുകൾ പിൻവലിക്കണമെന്നതായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. സർക്കാർ അത് അംഗീകരിച്ചിട്ടുണ്ട് എന്നായിരുന്നു സൗരവിൻ്റെ പ്രതികരണം.