മസ്കത്ത് > ഒമാനിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിക്ക് വേദിയാവാൻ മസ്കത്ത്. മസ്കത്തിന്റെ ഏഴ് ഭാഗങ്ങളിലായി ഒരുങ്ങുന്ന വേദികളിൽ വിവിധ പരിപാടികൾ അരങ്ങേറും. ഇന്ത്യ, ലബനൻ, കസാഖ്സ്ഥാൻ, തുർക്കി, ഫിലിപ്പൈൻസ്, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തങ്ങൾ പരിപാടിയുടെ ശ്രദ്ധാകേന്ദ്രമാകും. ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദി, നഗരസഭാ ചെയർമാൻ അഹമദ് അൽ ഹുമൈദി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഫെസ്റ്റിവൽ മുന്നൊരുക്കങ്ങൾ വിലിയിരുത്തി. ഡിസംബർ 23 മുതൽ ജനുവരി 21 വരെയാണ് ഫെസ്റ്റിവൽ.
ആമിറാത്ത് പാർക്ക്, നസീം ഗാർഡൻ, അൽ മദീന തീയേറ്റർ, ഒമാൻ ഓട്ടോ മൊബൈൽ ക്ലബ്, കൽബൂൻ , ഖുറം പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഇത്തവണയും ഫെസ്റ്റിവൽ അരങ്ങേറുക. ഓപൺ തിയേറ്റർ, കുട്ടികളുടെ തിയേറ്റർ, വിനോദ കലാ കേന്ദ്രം, നാടോടി നൃത്ത കേന്ദ്രം തുടങ്ങിയ കാഴ്ചകൾ ഇത്തവണയും ഫെസ്റ്റിവലിലുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളുടെ വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സ്റ്റാളുകളുമുണ്ടാകും.
ഫെസ്റ്റിവലിന്റെ ഭാഗമാകാന് താത്പര്യമുള്ള കമ്പനികളില് നിന്ന് ടെന്ഡര് അധികൃതര് നേരത്തെ സ്വീകരിച്ചിരുന്നു. പരസ്യ സ്ക്രീനുകളുടെ വിതരണം, ഇന്സ്റ്റാളേഷന്, ഖുറം നാച്ചുറല് പാര്ക്ക്, നസീം പാര്ക്ക്, ആമിറാത്ത് പാര്ക്ക് എന്നിവിടങ്ങളിലെ തിയേറ്ററുകളുടെ പ്രവര്ത്തനം, ഇതിന്റെ രൂപകല്പ്പനയും നിര്മ്മാണവും എന്നിവയാണ് ടെന്ഡറുകളില് ഉള്പ്പെട്ടിരിക്കുന്നത്.