ആനപിണ്ടത്തില്‍ നിന്ന് പേപ്പറുണ്ടാക്കുന്നതും കൊതുകുതിരി ഉണ്ടാക്കുന്നതുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചൈനയിലെ ഒരു പോഷ് റെസ്‌റ്റോറന്റ് ആനപിണ്ടം കൊണ്ട് ഡെസേര്‍ട്ട് ആണ് ഉണ്ടാക്കുന്നത്. ചൈനയിലെ ഷാങ്ഹായിലാണ് ഈ റെസ്റ്റോറന്റുള്ളത്. പരിസ്ഥിതി സൗഹൃദ ഭക്ഷണത്തിന് പേരുകേട്ട റസ്റ്റോറന്റാണ് ‘കനോപിയ’. ഇവിടുത്തെ മെനു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
അണുവിമുക്തമാക്കിയ ആനപിണ്ടത്തില്‍ നിന്ന് ഉണ്ടാക്കുന്ന വിവിധ മധുരപലഹാരങ്ങള്‍, മരത്തിന്റെ ഇലകള്‍, തേനില്‍ പൊതിഞ്ഞ ഐസ് ക്യൂബുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി ഭക്ഷണങ്ങളാണ് ഈ റെസ്റ്റോറന്റില്‍ വിളമ്പുന്നത്. യഥാര്‍ത്ഥ കാടിന്റെ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് റെസ്റ്റോറന്റ്.

റെയിന്‍ ഫോറസ്റ്റ് തീമിലുള്ള 15-കോഴ്‌സ് മീലിലാണ് ഡെസേര്‍ട്ടായി ആനപിണ്ടം കൊണ്ടുട്ടാക്കിയ ഡെസേര്‍ട്ട് വിളമ്പുന്നത്. ജ്യൂസുകളോ മറ്റ് പാനീയങ്ങളോ കൂടാതെ 3888 യുവാന്‍ (ഏകദേശം 45,000 രൂപ) ആണ് വില. ഇവിടുത്തെ വിഭവങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രാന്‍സില്‍ നിന്നുള്ള ഒരാളും ഒരു ചൈനീസ് സ്വദേശിയുമാണ് റെസ്റ്റോറന്റിന്റെ സ്ഥാപകർ. യുനാന്‍ പ്രവിശ്യയിലെ പച്ചപ്പ് നിറഞ്ഞ മഴക്കാടുകളെ കുറിച്ച് ഏഴ് വര്‍ഷത്തോളം പഠനം നടത്തിയതിന് ശേഷമാണത്രേ ഇവര്‍ തങ്ങളുടെ റെസ്റ്റോറന്റ് ആരംഭിച്ചത്. പ്രശസ്തരായ പല ഫുഡ് ബ്ലോഗര്‍മാരും വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് കനോപിയും ഇവിടുത്തെ വിഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ചെടികളില്‍ നിന്ന് ഇലകള്‍ നേരിട്ട് പറിച്ചെടുത്ത് കസ്റ്റമേര്‍സിന് സോസില്‍ മുക്കി കഴിക്കാം. മാത്രമല്ല തേനും പൂമ്പൊടിയും ചേര്‍ത്ത ഐസ്‌ക്യൂബുകളും പ്രാണികളെ ഉപയോഗിച്ചുള്ള വിഭവങ്ങളുമൊക്കെ ഇവിടെയുണ്ട്. ആനപിണ്ടം ഉപയോഗിച്ച് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ഡെസേര്‍ട്ടിലൂടെ 15 കോഴ്‌സ് മീല്‍ അവസാനിക്കും. തേന്‍, ഫ്രൂട്ട് ജാം, പൂമ്പൊടി തുടങ്ങിയവ ഉപയോഗിച്ചാണ് ഈ വിഭവം അലങ്കരിച്ചിരിക്കുന്നത്.
അണുവിമുക്തമാക്കി സംസ്‌കരിച്ച ശേഷമാണ് വിളമ്പുന്നതെങ്കിലും ഈ വിഭവങ്ങള്‍ ചൈനയുടെ ഭക്ഷ്യ ശുചിത്ര നിയമം പാലിക്കുന്നുണ്ടോ എന്നത് വ്യക്തമല്ലെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഭക്ഷണങ്ങള്‍ വിഷരഹിതവും ആരോഗ്യത്തിന് ദോഷകരമല്ലാത്തതും പോഷകനിലവാരം പാലിക്കുന്നതുമായിരിക്കണമെന്ന് നിയമമുണ്ട്.