• Sun. Mar 16th, 2025

24×7 Live News

Apdin News

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ഈ രാജ്യങ്ങളിലും വണ്ടിയോടിച്ച് യാത്ര ചെയ്യാം

Byadmin

Mar 16, 2025


യാത്ര ചെയ്യുമ്പോള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. പൊതുവേ ചെലവു കുറവും സൗകര്യപ്രദവുമായാണ് ഇവയെ കണക്കാക്കുന്നത്. എന്നാല്‍, കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ഗ്രൂപ്പായി പോകുന്ന സമയത്ത് സ്വന്തമായി വാഹനമെടുത്ത് പോകുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ കാഴ്ചകളും മറ്റും പരമാവധി ആസ്വദിക്കാനും സ്വന്തം സൗകര്യവും സമയവുമനുസരിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പറ്റും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍, ഡ്രൈവിങ് ലൈസന്‍സും വണ്ടിയോടിച്ച് പരിചയവുമുള്ള ആര്‍ക്കും ഇങ്ങനെ ചെയ്യാം, എന്നാല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴോ?

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കു വണ്ടിയോടിക്കാന്‍ അനുവാദം നല്‍കുന്ന ചില രാജ്യങ്ങളുണ്ട്. വാടകയ്ക്കു കാറും ടുവീലറുമെല്ലാം എടുത്ത്, സഞ്ചാരികള്‍ക്ക് ഇവിടങ്ങളില്‍ കറങ്ങാം, കാഴ്ചകള്‍ കാണാം. അങ്ങനെയുള്ള രാജ്യങ്ങളെക്കുറിച്ച് അറിയാം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ)
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം മുഴുവൻ കാറിൽ യുഎസ്എയില്‍ യാത്ര ചെയ്യാം. എന്നാല്‍ ചില നഗരങ്ങളിൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് (IDP) ഹാജരാക്കേണ്ടത് ആവശ്യമായി വന്നേക്കാം. ലൈസൻസ് ഇംഗ്ലീഷിൽ അല്ലെങ്കിൽ, പ്രവേശന തീയതി അധികാരികളെ അറിയിക്കുകയും ഫോം I-94 കൈവശം വയ്ക്കുകയും ചെയ്താൽ മതി.
കാനഡ
മൂന്ന് മാസം വരെ നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് രാജ്യത്ത് വാഹനമോടിക്കാനുള്ള സൗകര്യം കാനഡ നല്‍കുന്നുണ്ട്. കാലാവധി തീരാത്ത, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത് സാധ്യമാണ്. ചില പ്രവിശ്യകളിൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് കാണിക്കേണ്ടത് ആവശ്യമായി വന്നേക്കാം. യാത്ര തുടങ്ങും മുന്‍പേ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ഉറപ്പുവരുത്തണം.

യുണൈറ്റഡ് കിങ്ഡം
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് 12 മാസം വരെ യുകെയില്‍ കാര്‍ ഓടിക്കാം. ലൈസൻസ് ഇംഗ്ലീഷിൽ അല്ലെങ്കിൽ, ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് വേണം.

സ്വിറ്റ്സർലൻഡ്

ചീസ്, ചോക്ലേറ്റ്, ഗംഭീരമായ സ്വിസ് ആൽപ്സ് എന്നിവയ്ക്കു പേരുകേട്ട സ്വിറ്റ്സർലൻഡ്, പ്രവേശന തീയതി മുതൽ ഒരു വർഷം വരെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുകൾ സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ്. എന്നിരുന്നാലും ലൈസൻസ് രേഖ സ്വീകരിക്കപ്പെടണമെങ്കിൽ ഇംഗ്ലീഷിൽ ആയിരിക്കണം എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. നന്നായി പരിപാലിക്കുന്ന റോഡുകൾക്കും കുറഞ്ഞ അപകട നിരക്കുകൾക്കും പേരുകേട്ട സ്വിറ്റ്സർലൻഡ്, ഡ്രൈവിങ് പ്രേമികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.

സ്വീഡൻ
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സ്വീഡനിലെ മനോഹരമായ റോഡുകളിലൂടെ ഒരു വർഷം വരെ വണ്ടിയോടിക്കാം. ഡ്രൈവിങ് ലൈസൻസ് ഇംഗ്ലീഷിലോ സ്വീഡിഷ്, ജർമൻ, ഫ്രഞ്ച്, ഡാനിഷ്, നോർവീജിയൻ എന്നിവയുൾപ്പെടെ സ്വീഡൻ അംഗീകരിച്ച ഭാഷകളിലൊന്നിലോ ആയിരിക്കണം. കൂടാതെ, ഐഡി പ്രൂഫ്, ഫോട്ടോകൾ തുടങ്ങിയ മറ്റ് അവശ്യ രേഖകളും കയ്യില്‍ വയ്ക്കണം.

ഫിൻലൻഡ്
സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് കൈവശമുള്ള വ്യക്തികൾക്ക് 6 മാസം മുതൽ 1 വർഷം വരെ രാജ്യത്തിനുള്ളിൽ വാഹനമോടിക്കാൻ ഫിൻലൻഡ് അനുവദിക്കുന്നു. എന്നാല്‍, കൃത്യമായ കാലയളവ് ആരോഗ്യ ഇൻഷുറൻസ് പോളിസിയെ ആശ്രയിച്ചിരിക്കും. ഫിൻലൻഡിലെത്തുന്ന ഓരോ ആളും ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്, ഈ ഇൻഷുറൻസ് നൽകുന്ന കവറേജിനെ അടിസ്ഥാനമാക്കിയാണ് ലൈസൻസിന്‍റെ സാധുത കാലയളവ് നിർണ്ണയിക്കുന്നത്.

By admin