• Wed. Oct 22nd, 2025

24×7 Live News

Apdin News

ഇന്ത്യന്‍ സ്‌കൂളില്‍ ഐസിസി വനിതാ ക്രിക്കറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

Byadmin

Oct 22, 2025


മനാമ: ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ച് ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസ് ഗ്രൗണ്ടില്‍ വനിതാ ക്രിക്കറ്റ് വാരം 2025 ആഘോഷിച്ചു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്കായുള്ള ഐസിസി ക്രിയോ ക്രിക്കറ്റ് ടൂര്‍ണമെന്റും സംഘടിപ്പിച്ചു. 5 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍, ഗ്രേഡ് 8 ലെ പാര്‍വതി സലേഷ് നയിക്കുന്ന ഐഎസ്ബി സ്പാര്‍ട്ടന്‍ ടീം, ഫൈഹ അബ്ദുള്‍ ഹക്കീം നയിക്കുന്ന ഐഎസ്ബി സൂപ്പര്‍ സ്റ്റാറിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി. ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷനിലെ 14 പ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരുന്നു മത്സരങ്ങള്‍. അസീം ഉല്‍ ഹഖ്, അര്‍ഷാദ് ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ കളിക്കാര്‍ക്കും ജഴ്സികളും ലഘുഭക്ഷണവും നല്‍കി.

ആഗോള ഐസിസി സംരംഭത്തിന്റെ ഭാഗമായി ബിസിഎഫ് സംഘടിപ്പിക്കുന്ന ക്രിയോ ക്രിക്കറ്റ് ഫെസ്റ്റിവല്‍, ക്രിക്കറ്റിലൂടെ കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത ഈ പരിപാടി വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്താനും ലക്ഷ്യമിടുന്നു.

കായിക പ്രവര്‍ത്തനത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടിയുള്ള ആജീവനാന്ത ഉത്സാഹം വളര്‍ത്തിയെടുക്കുന്ന ശാരീരിക സാക്ഷരത എന്ന ആശയത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. സ്‌കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവി ശ്രീധര്‍ ശിവ, കായിക അധ്യാപകന്‍ വിജയന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, മറ്റ് ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ് എന്നിവര്‍ കളിക്കാരുടെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. കൂടാതെ, ടൂര്‍ണമെന്റ് മികച്ച വിജയമാക്കുന്നതില്‍ വിലപ്പെട്ട പിന്തുണയ്ക്കും സഹകരണത്തിനും ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് നന്ദി അറിയിച്ചു.

 

The post ഇന്ത്യന്‍ സ്‌കൂളില്‍ ഐസിസി വനിതാ ക്രിക്കറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin