• Wed. Nov 4th, 2026

24×7 Live News

Apdin News

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

Byadmin

Nov 4, 2026


ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു സ്വർണ്ണ അധ്യായം കുറിച്ചുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഉടൻ സർവീസിന് സജ്ജമാകുന്നു. ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (BEML) നിർമ്മാണശാലയിലാണ് പൂർണ്ണമായും ഇന്ത്യൻ എഞ്ചിനീയറിംഗ് മികവിൽ നിർമ്മിക്കുന്ന ഈ അത്യാധുനിക ബുള്ളറ്റ് ട്രെയിനിന്റെ പണികൾ പുരോഗമിക്കുന്നത്. ട്രെയിനിന്റെ കരുത്തും ഉയർന്ന വേഗതയും യാത്രാസുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള വിവിധ ഘട്ട പരിശോധനകൾ നിലവിൽ നടന്നു വരികയാണ്. ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയിൽ ഇടനാഴിയായ മുംബൈ – അഹമ്മദാബാദ് റൂട്ടിലാകും ഈ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക.

പരീക്ഷണ ഓട്ടങ്ങളിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ് ഈ ട്രെയിൻ. എന്നാൽ യാത്രക്കാരുമായി സർവീസ് നടത്തുമ്പോൾ ആസൂത്രിത പ്രവർത്തന വേഗത മണിക്കൂറിൽ 249 കിലോമീറ്ററായിരിക്കും. 202 മീറ്റർ നീളമുള്ള ട്രെയിനിൽ നാല് മോട്ടോർ കാറുകളും നാല് ട്രെയിലർ കാറുകളും ഉൾപ്പെടെ ആകെ എട്ട് കോച്ചുകളാണുള്ളത്. ഇതിൽ ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളും ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് ക്ലാസിൽ 3×2 ക്രമീകരണത്തിലും എക്സിക്യൂട്ടീവ് ക്ലാസിൽ കൂടുതൽ സൌകര്യപ്രദമായ 2×2 ക്രമീകരണത്തിലുമാണ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരേസമയം 557 യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യാം. കൂടാതെ, തിരക്ക് കൂടുന്ന സാഹചര്യങ്ങളിൽ എട്ട് കോച്ചുകളുള്ള രണ്ട് ട്രെയിനുകൾ കൂട്ടിയിണക്കി 16 കോച്ചുകളുള്ള ട്രെയിനായി സർവീസ് നടത്താനും സാധിക്കും.

ട്രെയിനിന്റെ ഇരുവശങ്ങളിലും ഡ്രൈവർ ക്യാബിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക ഇന്റലിജന്റ് ഓൺബോർഡ് കൺട്രോൾ സംവിധാനം വഴി ഓപ്പറേഷൻസ് കൺട്രോൾ സെന്ററുമായി തത്സമയം ആശയവിനിമയം നടത്താനും ഡ്രൈവർക്ക് ആവശ്യമായ തീരുമാനങ്ങളെടുക്കാനും സാധിക്കും.

യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവം നൽകുന്നതിനായി വിശാലമായ ലെഗ് സ്‌പേസുള്ള സീറ്റുകൾ, വലിയ ജനാലകൾ, മനോഹരമായ എൽ.ഇ.ഡി ലൈറ്റുകൾ, ലഗേജ് റാക്കുകൾ, ഹൈസ്പീഡ് വൈഫൈ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും ചലനപരിമിതിയുള്ളവർക്കുമായി രണ്ട് പ്രത്യേക സീറ്റിങ് ഇടങ്ങളും ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ അതിവേഗ ഗതാഗത രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഈ ബുള്ളറ്റ് ട്രെയിൻ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ അഭിമാനകരമായ ചുവടുവെപ്പാണ്.

By admin