അഹമ്മദാബാദ്: ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയവും വർധിക്കുമെന്നും ഇത് മറികടക്കാൻ രാജ്യ ആത്മനിർഭർ ആയി മാറണമെന്നും പ്രധാനമന്ത്രി ഗുജറാത്തിൽ പറഞ്ഞു.
താരിഫ് യുദ്ധത്തിന് പിന്നാലെ എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിനായാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്.
‘ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവില്ല. നമ്മുടെ യഥാർഥ ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണ്. ഇതാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ഇന്ത്യയുടെ ശത്രുവിനെ, ആശ്രിതത്വത്തിന്റെ ശത്രുവിനെ നമുക്ക് ഒരുമിച്ച് തകർക്കേണ്ടതുണ്ട്. വിദേശ ആശ്രിതത്വം വർധിക്കുംതോറും രാജ്യത്തിന്റെ പരാജയവും ഏറും. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിയ്ക്കും ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ആത്മനിർഭർ ആയി മാറണം’- മോദി പറഞ്ഞു.
‘മറ്റുള്ളവരെ ആശ്രയിക്കുന്നത് തുടർന്നാൽ നമ്മുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കും. മറ്റുള്ളവർക്ക് വേണ്ടി രാജ്യത്തെ 140 കോടി ജനങ്ങളുടെ ഭാവി ഇല്ലാതാക്കാനാകില്ല. രാജ്യത്തിന്റെ വികസനത്തിനായുള്ള ദൃഢനിശ്ചയം മറ്റുള്ളവരെ ആശ്രയിക്കുന്നതിലൂടെ ഇല്ലാതാക്കാനാകില്ല. വരുംതലമുറകളുടെ ഭാവി അപകടത്തിലാക്കാനാകില്ല. ഇതിന് ഒരു മരുന്നേയുള്ളൂ… അത് സ്വാശ്രയ ഇന്ത്യയാണ്’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ടെക് മേഖലകളില്‍ ജോലി നോക്കുന്നവരെയാണ് പ്രധാനമായും ട്രംപിന്റെ പുതിയ പരിഷ്‌കാരം ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ. എച്ച് വണ്‍ ബി വിസ അപേക്ഷകരുടെ കണക്കില്‍ ഇന്ത്യ മുന്നിലാണ്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നിൽ. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളില്‍, ഒഴിവുകള്‍ നികത്താന്‍ പ്രയാസമുള്ള ജോലികളില്‍ ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ള ആളുകള്‍ക്കായി 1990-ലാണ് എച്ച്1-ബി വിസ പദ്ധതി ആരംഭിച്ചത്. കുറഞ്ഞ വേതനം നല്‍കാനും തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കാനും ഇത് കമ്പനികളെ അനുവദിച്ചിരുന്നു.