
കാലിഫോർണിയ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോർണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. ഓൾ റൗണ്ടറായ സയ്യിദ് ആബിദ് അലി 1967 ഡിസംബർ മുതൽ 1974 ഡിസംബർ വരെ ഇന്ത്യക്കായി 29 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച അദ്ദേഹം മീഡിയം പേസ് ബൗളറും ലോവർ ഓർഡർ ബാറ്ററുമായിരുന്നു.
1967 ഡിസംബർ 23-ന് ഓസ്ട്രേലിയയ് ക്കെതിരെയാണ് ടെസ്റ്റിൽ അരങ്ങേറിയത്. 1974 ഡിസംബർ 15-ന് വെസ്റ്റിൻ ഡീസിനെതിരെ അവസാന ടെസ്റ്റ് മത്സരവും കളിച്ചു. 29 ടെസ്റ്റുകളിൽ നിന്ന് 20.36 ശരാശരിയിൽ 1018 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ആറ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 81 റൺസാണ് ഏറ്റവുമുയർന്ന സ്കോർ 47 വിക്കറ്റുകളും വീഴ്ത്തി. 55 റൺസ് വഴങ്ങി ആറ് ആറ് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
212 മത്സരങ്ങൾ കളിച്ചു. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനായാണ് കൂടുതലും കളിച്ചത്. 13 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ഉൾപ്പെടെ 8732 റൺസ് നേടി. പുറത്താകാതെ നേടിയ 173 റൺസാണ് ഫസ്റ്റ് ക്ലാസിലെ ഏറ്റവുമയർന്ന സ്കോർ. 212 മത്സരങ്ങളിൽ നിന്ന് 397 വിക്കറ്റും നേടി. 14 തവണ ഒരു ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ചവെച്ചു. ലിസ്റ്റ് എ മത്സരത്തിൽ നിന്ന് 169 റൺസും 19 വിക്കറ്റുകളും അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്,.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.കാലിഫോർണിയയിൽ സ്വന്തമായി വീടുണ്ടാക്കുകയും ചെയ്തു. കാലിഫോർണിയയിലെ ക്രിക്കറ്റ് വളർച്ചയ്ക്ക് സയ്യിദ് ആബിദ് അലി വലിയ പങ്കുവഹിച്ചിരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ റേസാ ഖാൻ പറയുന്നു. നോർത്തേൺ കാലിഫോർണിയ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ നോർത്ത് അമേരിക്ക ക്രിക്കറ്റ് ലീഗ് വളർത്തിയെടുത്തതിൽ ആബിദ് അലിയുടെ ഇടപെടലുകൾ നിർണായകമായിരുന്നുവെന്നും റേസാ ഖാൻ വ്യക്തമാക്കുന്നു.