• Wed. Aug 13th, 2025

24×7 Live News

Apdin News

ഇന്ത്യയ്‌ക്കെതിരേ വീണ്ടും ഭീഷണി ഉയര്‍ത്തി പാക് സൈനിക മേധാവി; ഇനി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ റിലയന്‍സിന്റെ റിഫൈനറി ആക്രമിക്കും

Byadmin

Aug 13, 2025





വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുമായി ഏതെങ്കിലും സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി. യുഎസിലെ പാകിസ്ഥാന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം അസിം മുനീര്‍ പറഞ്ഞത്.

പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്ന് നേരത്തെ അസിം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഭീഷണി. ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍ ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകുമെന്നാണ് മുനീര്‍ കഴിഞ്ഞദിവസം പറഞ്ഞത്.

അതേസമയം, ഇത്തരം നിരുത്തരവാദ പരാമര്‍ശങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന് അവരുടേതായ നിഗമനങ്ങളിലെത്താമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സൈന്യവും ഭീകരസംഘടനകളും കൈകോര്‍ക്കുന്ന രാജ്യത്തിന്റെ ആണവ നിയന്ത്രണം ആര്‍ക്കെന്ന സംശയം ബലപ്പെടുത്തുന്നതാണിത്. ഇന്ത്യ ആണവ ഭീഷണി ഉയര്‍ത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



By admin