Posted By: Nri Malayalee
December 22, 2024
സ്വന്തം ലേഖകൻ: ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ അറിയിച്ചു. വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ കൂടുതലിഷ്ടപ്പെടുന്ന മുൻനിര ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന മലേഷ്യയിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസസൗകര്യം ഏർപ്പെടുത്തിയത്.
2024 ഡിസംബർ 31 ന് നിലവിലെ വീസ ഇളവ് അവസാനിക്കാനിരിക്കെയാണ് 2026 ഡിസംബർ 31 വരെ പ്രസ്തുത സൗകര്യം ദീർഘിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവായത്. ഇതോടെ വീണ്ടും രണ്ട് വർഷത്തേക്ക് കൂടി ഇന്ത്യക്കാർക്ക് സൗജന്യമായി മലേഷ്യ സന്ദർശിക്കാനാകും. ഡിസംബർ 20 വെള്ളിയാഴ്ച ചേർന്ന പത്രസമ്മേളനത്തിൽ മലേഷ്യയുടെ ആഭ്യന്തര സെക്രട്ടറി ജനറൽ ദത്തൂക്ക് അവാങ് അലിക് ജെമാൻ ആണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയത്.
നിലവിൽ നിരവധി ഇന്ത്യക്കാരാണ് മലേഷ്യൻ ടൂറിസം ആസ്വദിക്കാനായി സന്ദർശക വീസ ഇളവ് പ്രയോജനപ്പെടുത്തുന്നത്. 2023 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഗവൺമെന്റിന്റെ വീസ ഉദാരവൽക്കരണ പദ്ധതിയിലൂടെ ദേശീയ സുരക്ഷ നിലനിർത്തിക്കൊണ്ട് മലേഷ്യയിലെ വിനോദസഞ്ചാരം കൂടുതൽ സൗഹൃദപരമാക്കുന്നതോടൊപ്പം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരികയും, രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം മേഖലകളെ ഉത്തേജിപ്പിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയോടൊപ്പം ചൈനയിൽ നിന്നുമുള്ള ടൂറിസ്റ്റുകൾക്കും രണ്ട് വർഷത്തേക്ക് കൂടി സൗജന്യ വീസ കാലാവധി കൂട്ടി നൽകിയിട്ടുണ്ട്.