![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-13-174121-640x350.png?resize=640%2C350)
സ്വന്തം ലേഖകൻ: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വീസ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ യു കെയിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കുറവ് വന്നിരിക്കുകയാണ്. കുറഞ്ഞ ട്യൂഷന്‍ ഫീസ് വാങ്ങി തദ്ദേശീയരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ബാദ്ധ്യതയുള്ള യൂണിവേഴ്സിറ്റികള്‍ക്ക് അങ്ങനെ കൂടിയ ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള വരുമാനം കുറയുകയും ചെയ്തു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ പല യൂണിവേഴ്സിറ്റികളും ഇപ്പോള്‍ തങ്ങളുടെ ആശ്രയമായി ഉറ്റു നോക്കുന്നത് വിപുലമായ വിപണി സാധ്യതയുള്ള ഇന്ത്യയെയാണ്.
40 മില്യനിലധികം വിദ്യാര്‍ത്ഥികളുള്ള ഇന്ത്യയില്‍, തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണ്‍ ആണ് ഇക്കാര്യത്തില്‍ ആദ്യമായി മുന്നോട്ട് വന്നിരിക്കുന്നത്. ഡല്‍ഹിക്കടുത്തുള്ള ഗുഢ്ഗാവില്‍ ക്യാമ്പസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യുവാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ഇന്ത്യയിലുള്ള ആദ്യ ക്യാമ്പസ് എന്ന വാദവുമായാണ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബ്രിട്ടീഷ് കൗണ്‍സിലില്‍ നടന്ന യോഗത്തില്‍ ന്യൂകാസില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ക്രിസ് ഡേ പറഞ്ഞത് ഓരോ ദിവസവും ഇത്തരത്തില്‍ പുതിയ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. ന്യൂകാസില്‍ യൂണിവേഴ്സിറ്റിക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുടങ്ങേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. തൊട്ടു പുറകെ സറേ, കവന്‍ട്രി തുടങ്ങി മറ്റ് പല യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാരും സമാനമായ അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.
2023 വരെ ഇന്ത്യയില്‍ വിദേശ യൂണിവേഴ്സിറ്റികള്‍ക്ക് ക്യാമ്പസ് തുറക്കാനുള്ള അനുമതി നല്‍കിയിരുന്നില്ല. 2023 ല്‍ ആയിരുന്നു ഇതിന് മാറ്റം വരുത്തിയത്. ഇന്ത്യയില്‍ 40 മില്യനിലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ മേഖലയ്ക്ക് തഴച്ചു വളരാനുള്ള സാധ്യതയും വളരെ വലുതാണ്. അതിനു പുറമെ, ഇന്ത്യയില്‍ ജീവിത ചെലവ് കുറവായതിനാല്‍,, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദേശ യൂണിവേഴ്സിറ്റികളുടെ ബിരുദം നേടാനാകും എന്നതും ശ്രദ്ധേയമായ കാര്യമാണ്.
2022 – 23 കാലത്ത് ഏകദേശം 1,25,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു വിവിധ യു കെ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി എത്തിയത്. എന്നാല്‍, വീസ നിയമങ്ങളില്‍ വന്ന മാറ്റങ്ങളും, ഒപ്പം മറ്റ് പല വിദേശ രാജ്യങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയതും ബ്രിട്ടന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നഷ്ടപ്പെടുന്നതിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍, ഇന്ത്യയില്‍ തന്നെ ക്യാമ്പസ് തുറക്കുക വഴി, യു കെയില്‍ പഠനത്തിന് പോകാന്‍ കഴിയാത്ത, മദ്ധ്യവര്‍ത്തി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളെയാണ് യു കെ സര്‍വ്വകലാശാലകള്‍ ഉന്നമിടുന്നത്.
ഉദാഹരണത്തിന് സൗത്താംപ്ടണ്‍ ഹോം ക്യാമ്പസില്‍ ബിസിനസ്സ് മാനേജ്‌മെന്റ് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 24,000 പൗണ്ടാണ് ട്യൂഷന്‍ ഫീസ് ആയി നല്‍കേണ്ടി വരിക. അതിനു പുറമെ വീസ ചാര്‍ജ്ജുകള്‍, യാത്ര, താമസം തുടങ്ങി വലിയൊരു ചെലവ് പിന്നെയും വരും. അതേസമയം ആഗസ്റ്റ് മുതല്‍ യൂണിവേഴ്സിറ്റിയുടെ, ഗുഢ്ഗാവിലുള്ള ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കിലെ ക്യാമ്പസ്സില്‍ ചേര്‍ന്നാല്‍ അതേ കോഴ്സിന് നല്‍കേണ്ടി വരിക 12,000 പൗണ്ട് മാത്രമായിരിക്കും. അതായത്, എകദേശം 13 ലക്ഷം രൂപ മാത്രം.
യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹിയില്‍ അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്സിന് 2ലക്ഷം രൂപയോളം വരെയാണ് ഫീസ് ഈടാക്കുന്നത്. രണ്ടര ലക്ഷത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാല്‍, കോഴ്സുകള്‍ക്ക് ഏറെ ആവശ്യക്കാരുമുണ്ട്. കോളേജുകളും യൂണിവേഴ്സിറ്റികളുമായി ഏകദേശം 58,000 സ്ഥാപനങ്ങളാണ് ഇന്ത്യയിലെ നാലരക്കോടിയോളം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. പുതിയ സ്വകാര്യ യൂണിവേഴ്സിറ്റികളും കോളേജുകളും അതിവേഗം ആരംഭിച്ചു തുടങ്ങിയിട്ടുമുണ്ട്.
ഇന്ത്യയിലെ പകുതിയോളം യുവാക്കളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ഇന്ത്യാ സര്‍ക്കാര്‍ ഉന്നമിടുന്നത്. 2021 – 22 കാലഘട്ടത്തില്‍ അത് 28 ശതമാനമായിരുന്നു. അതുകൊണ്ടു തന്നെ വന്‍ സാധ്യതകളാണ് യു കെ യൂണിവേഴ്സിറ്റികള്‍ക്ക് മുന്‍പില്‍ ഇന്ത്യ തുറക്കുന്നത്. മാസ്റ്റേഴ്സ്, പി എച്ച് ഡി കോഴ്സുകള്‍ വരെ ഈ യൂണിവേഴ്സിറ്റികള്‍ ഇന്ത്യയില്‍ ലഭ്യമാക്കും.
ഗുജറാത്ത് അഹമ്മദാബാദിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് (ഗിഫ്റ്റ്) സിറ്റിയില്‍ അടുത്ത വര്‍ഷം ക്യാമ്പസ് ആരംഭിക്കുമെന്ന് സറേ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മാക്സ് ലു കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അടുത്ത ജനുവരി മുതല്‍ ഗിഫ്റ്റ് സിറ്റിയില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകള്‍ ആരംഭിക്കുമെന്ന് ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്സിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക്ല പ്രതിസന്ധി മൂലം ബ്രിട്ടനിലെ ക്യാമ്പസില്‍ പിരിച്ചു വിടല്‍ ഭീഷണി നേരിടുന്ന യൂണിവേഴ്സിറ്റിയാണിത്.