• Mon. Dec 15th, 2025

24×7 Live News

Apdin News

ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ ചരിത്രപരമായ പങ്കാളിത്തം രേഖപ്പെടുത്തി ബഹ്റൈന്‍ വിദ്യാര്‍ത്ഥികള്‍

Byadmin

Dec 14, 2025


മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (എസ്‌ഐഎഫ്) ബഹ്റൈന്‍ സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സരത്തിലെയും 2024-ലെ ബഹ്റൈന്‍ സ്റ്റുഡന്റ്‌സ് ഇന്നവേഷന്‍ കോണ്‍ഗ്രസിലെയും (ബിഎസ്‌ഐസി) വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐഐഎസ്എഫ്) 2025-ല്‍ പങ്കെടുക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, എസ്‌ഐഎഫ്ബഹ്റൈന്റെ ഔദ്യോഗിക പ്രതിനിധി എന്നിവരടങ്ങിയ 10 അംഗ സംഘം ആദ്യ പങ്കാളിത്തം അഭിമാനത്തോടെ രേഖപ്പെടുത്തി.

ഡിസംബര്‍ 6 മുതല്‍ 9 വരെ ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന നാലുദിവസത്തെ മഹാ ശാസ്ത്രമേള, വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രസാങ്കേതിക ലോകവുമായി സംവദിക്കാനും അവരുടെ കഴിവുകള്‍ ആഗോള വേദിയില്‍ അവതരിപ്പിക്കാനും അപൂര്‍വമായ അവസരം നല്‍കി.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഭൂശാസ്ത്ര മന്ത്രാലയവും, വിജ്ഞാന ഭാരതിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍. ”വിജ്ഞാന്‍ സെ സമൃദ്ധി: ആത്മനിര്‍ഭര്‍ ഭാരതത്തിനായി” (സമൃദ്ധിക്കായി ശാസ്ത്രം: സ്വയംപര്യാപ്ത ഇന്ത്യയിലേക്ക്) എന്ന പ്രമേയത്തിലാണ് ഫെസ്റ്റിവലിന്റെ 11-ാമത് പതിപ്പ് സംഘടിപ്പിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോ-ഇക്കണോമി, ന്യൂ ഏജ് ടെക്‌നോളജി, ക്വാണ്ടം ടെക്‌നോളജി, ജീന്‍ എഡിറ്റിംഗ്, ന്യൂ സ്‌പേസ് ടെക്‌നോളജികള്‍ തുടങ്ങിയ വിവിധ മേഖലകളിലായി 150-ലധികം സാങ്കേതികവും പ്രമേയാധിഷ്ഠിതവുമായ സെഷനുകള്‍ നടന്നു. സ്റ്റുഡന്റ് സയന്‍സ് വില്ലേജ്, യംഗ് സയന്റിസ്റ്റ്‌സ് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ ഒളിംപിയാഡ് സ്റ്റുഡന്റ്‌സ് മീറ്റ്, സയന്‍സ്‌ടെക്‌നോളജിഡിഫന്‍സ്‌സ്‌പേസ് എക്‌സിബിഷന്‍, സയന്‍സ് ഓണ്‍ സ്ഫിയര്‍ എന്നിവ പ്രധാന പരിപാടികളായിരുന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും ആഘോഷിക്കുക, സൃഷ്ടിപരമായ ചിന്ത വളര്‍ത്തുക, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളില്‍ യുവാക്കളെ കരിയറുകളിലേക്ക് പ്രചോദിപ്പിക്കുക എന്നിവയാണ് ഫെസ്റ്റിവലിന്റെ മുഖ്യ ലക്ഷ്യം.

ഐഐഎസ്എഫ് 2025-ലെ സ്റ്റുഡന്റ് സയന്‍സ് & ടെക്‌നോളജി വില്ലേജിന്റെ ഭാഗമായി നടന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഒളിംപിയാഡ് മീറ്റില്‍ ബഹ്റൈന്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു. പ്രമുഖ ശാസ്ത്രനേതാക്കളുമായി നേരിട്ട് സംവദിക്കാനും പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ലക്ഷ്യമിട്ട പ്രത്യേക വേദിയായിരുന്നു ഇത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ചെയര്‍മാന്‍ ഡോ. വി നാരായണന്‍, ബഹിരാകാശ യാത്രികന്‍ ശുഭാന്‍ഷു ശുക്ല, മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, ഐഎസ്ആര്‍ഒ അമേച്വര്‍ റേഡിയോ ക്ലബ്ബിന്റെ സ്റ്റേഷന്‍ ഡയറക്ടര്‍ ബിഎ സുബ്രഹ്‌മണി, പ്രധാനമന്ത്രിയുടെ ശാസ്ത്രസാങ്കേതികനവീകരണ ഉപദേശക സമിതിയിലെ അംഗമായ ലെഫ്റ്റനന്റ് ജനറല്‍ (ഡോ.) മാധുരി കനിത്കര്‍, ക്രിട്ടിക്കല്‍ തിങ്കിംഗ് മെന്റര്‍ പാനിനി തെലാങ്, എസ്സിഇആര്‍ടി ജമ്മുവിലെ അക്കാദമിക് ഓഫീസര്‍ രാജേഷ് കുമാര്‍ കോബര്‍ എന്നിവരടക്കമുള്ള നിരവധി പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ 100-ലധികം സ്ഥാപനങ്ങള്‍ പങ്കെടുത്ത വിപുലമായ സയന്‍സ് എക്സ്പോയും ദൗത്യസംഘം സമഗ്രമായി സന്ദര്‍ശിച്ചു. ഐഐഎസ്എഫ് 2025-ല്‍ പങ്കെടുത്ത സംഘാംഗങ്ങള്‍ക്ക് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എസ്ഐഎഫ് ബഹ്റൈന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ സ്വീകരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ഈ ചരിത്രപരമായ നേട്ടത്തിന് എല്ലാ സംഘാംഗങ്ങളെയും അവര്‍ ഹൃദയപൂര്‍വ്വം അഭിനന്ദിച്ചു.

 

By admin