
ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ വെടിനിർത്തൽ ധാരണ ഇന്ന് അവസാനിക്കുമെന്ന പ്രചാരണം തെറ്റെന്ന് പ്രതിരോധ വൃത്തങ്ങൾ. വെടിനിർത്തലിന് സമയപരിധി തീരുമാനിച്ചിരുന്നില്ലെന്ന് സേന അറിയിച്ചു.
മെയ് 12 ന് നടത്തിയ ഡിജിഎംഒ തല ചർച്ചയിൽ മെയ് 18 വരെ വെടിനിർത്തൽ തുടരാൻ ധാരണയായെന്നാണ് പാക്കിസ്ഥാൻ പറഞ്ഞിരുന്നത്. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ അടക്കമുള്ളവർ ഇത് ആവർത്തിച്ചിരുന്നു. ഇന്ന് വീണ്ടും ഡിജിഎംഒ തല ചർച്ച നടത്തിയ ശേഷം തുടർ നീക്കമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇന്ന് ഡിജിഎംഒ തല ചർച്ചയില്ല. കീഴ വഴക്കമനുസരിച്ചുള്ള ചർച്ച അടുത്ത ആഴ്ചമാത്രമാണ് ഉണ്ടാവുക. വെടിനിർത്തൽ ധാരണയ്ക്കും സമയ പരിധി തീരുമാനിച്ചിരുന്നില്ലെന്നും സൈന്യം ഇന്ന് അറിയിച്ചു.
ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് ഇന്ത്യ നൽകിയ കനത്ത പ്രഹരം വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഇന്ത്യൻ ആർമി പുറത്ത് വിട്ടു. പാക് പോസ്റ്റുകൾ നിലംപരിശാക്കുന്ന ദൃശ്യങ്ങളാണിത്. ആർമിയുടെ വെസ്റ്റേൺ കമാൻഡ് ആണ് വീഡിയോ പങ്കുവച്ചത്.