മസ്‌ക്കറ്റ് > ഇന്റർനാഷണൽ ഇൻഫ്ളുവൻസേർസ് സമ്മിറ്റിന്റെ 2024 സോഷ്യൽ ലീഡർഷിപ്പ് അവാർഡ് ഇന്ത്യൻ സ്‌കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാറിന് സമർപ്പിച്ചു. മസ്ക്കറ്റിലെ ഡബ്ള്യൂ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. വ്യക്തിഗത നേട്ടങ്ങൾക്കുപരിയായി സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് നിധീഷ് കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഒമാനിലെ ഇന്ത്യൻ സ്‌കൂൾ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ തന്നോടൊപ്പം അർപ്പണബുദ്ധിയോടെ സഹകരിക്കുന്ന അധ്യാപകർ, അനധ്യാപകർ, തന്റെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്ക് അവാർഡ് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ നൂതന പ്രവണതകളെ സ്വാംശീകരിച്ചു കൊണ്ടും നിർമ്മിതബുദ്ധി ഉൾപ്പടെ അതിനൂതന സാങ്കേതിക മുന്നേറ്റങ്ങളെ സമന്വയിപ്പിച്ചു കൊണ്ടും ഇന്ത്യൻ വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി ഉറപ്പു വരുത്തുന്നതിനുള്ള യത്നങ്ങളിൽ കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ചാലകമായി ഈ അവാർഡിനെ പരിഗണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിച്ചവരോടുള്ള നന്ദി അറിയിക്കുന്നതായും നിധീഷ് കുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ