അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന പ്രഖ്യാപനം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 10 ദിവസമായി വർധിപ്പിച്ചു. ഇറാനുമായി യുഎസ് നടത്തിയ ക്രിയാത്മക ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അവകാശപ്പെട്ടാണ് 5 ദിവസത്തെ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ട്രംപ് ആവർത്തിക്കുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കടത്തും പെട്രോളിയം നീക്കവും സുഗമമായി നടക്കണമെന്നും ഇറാൻ അതു തടയുന്നത് 48 മണിക്കൂറിനുള്ളിൽ നിർത്തിവയ്ക്കണമെന്നും അന്ത്യശാസനം നൽകിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് അപ്രതീക്ഷിതമായി അഞ്ച് ദിവസത്തേക്ക് ഭാഗിക വെടിനിർത്തലിനു സമാനമായ പ്രഖ്യാപനം ട്രംപ് നടത്തിയത്.
സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്‍റെ വാദം ആദ്യം നിരാകരിച്ച ഇറാൻ, പിന്നീട് ഇക്കാര്യം പരോക്ഷമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, നേരിട്ടുള്ള ചർച്ചകളല്ല, സന്ദേശങ്ങൾ കൈമാറുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഇറാൻ ഇപ്പോൾ പറയുന്നത്. വെടിനിർത്തലിന് ഉപാധിയായി യുഎസ് മുന്നോട്ടുവച്ച 15-ഇന നിർദേശങ്ങൾ തള്ളിയ ഇറാൻ തിരിച്ച് അഞ്ചിന ഉപാധികൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം സുഗമമാക്കാൻ ഒമാന്‍റെ നേതൃത്വത്തിൽ ഊർജിതമായ ശ്രമം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തടസപ്പെടുത്തുന്നതിനോട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
പാക്കിസ്ഥാൻ, തുർക്കി, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങളിൽ സജീവമായി പങ്കെടുക്കുന്നു എന്നാണ് സൂചന. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്, ട്രംപിന്‍റെ മകളുടെ ഭർത്താവ് ജേർഡ് കുഷ്നർ തുടങ്ങിയവരെയാകും യുഎസ് ചർച്ചയ്ക്കു നിയോഗിക്കുക എന്നും സൂചനയുണ്ട്. ഇറാന്‍റെ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രിയോ പാർലമെന്‍റ് സ്പീക്കറോ ചർച്ചയിൽ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.