• Sat. Mar 14th, 2026

24×7 Live News

Apdin News

ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുതിൻ; പറ്റില്ലെന്ന് ട്രംപ്

Byadmin

Mar 14, 2026



ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുതിൻ; പറ്റില്ലെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ മുന്നോട്ടുവെച്ച നിർദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതായി റിപ്പോർട്ട്. യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം റഷ്യയിലേക്ക് മാറ്റാമെന്ന പുതിന്റെ വാഗ്ദാനമാണ് ട്രംപ് തള്ളിക്കളഞ്ഞത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോള ഇന്ധനവില വർധിക്കുന്നതും അത് റഷ്യയുടെ വരുമാനത്തെ സ്വാധീനിക്കുന്നതുമാണ് പുതിനെ ഇത്തരത്തിലൊരു നിർദേശത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. അതേസമയം, ഇറാൻ നടത്തുന്ന കൃത്യതയാർന്ന തിരിച്ചടിക്കു പിന്നിൽ റഷ്യയുടെ സഹായമുണ്ടോ എന്ന സംശയമാണ് ട്രംപിന്റെ തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ ആഴ്ചയാദ്യം ഇരുനേതാക്കളും നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് പുതിൻ വാഗ്ദാനം മുമ്പോട്ടുവെച്ചത്. എന്നാൽ ട്രംപ് അപ്പോൾത്തന്നെ ഈ നിർദേശം നിരസിച്ചതായി ആക്സിയോസ് (Axios) റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുമായുള്ള ഏറ്റുമുട്ടലിൽ ഇറാനെ റഷ്യ പരോക്ഷമായ രീതിയിൽ സഹായിക്കുന്നുണ്ടാകാമെന്ന് ട്രംപ് നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.

ഫോക്സ് ന്യൂസ് അവതാരകൻ ബ്രയാൻ കിൽമീഡുമായുള്ള അഭിമുഖത്തിൽ, 'പുതിൻ അവർക്ക് (ഇറാന്) ചെറിയ രീതിയിലുള്ള സഹായങ്ങളൊക്കെ ചെയ്തുനൽകുന്നുണ്ടാകാം എന്നാണ് ഞാൻ കരുതുന്നത്. മറിച്ച്, ഞങ്ങൾ (അമേരിക്ക) യുക്രൈനെ സഹായിക്കുന്നുണ്ടെന്ന് അവരും (റഷ്യക്കാർ) കരുതുന്നുണ്ടാകാം. ശരിയല്ലേ? അതെ, ഞങ്ങൾ അവരെ സഹായിക്കുന്നുണ്ട്.' എന്നാണ് ട്രംപ് പറഞ്ഞത്. ആഗോള ഭൗമരാഷ്ട്രീയത്തിൽ ഇതൊക്കെ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ട്രംപിന്റെ ഈ പ്രസ്താവനകൾ അദ്ദേഹത്തിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ മുൻ പ്രസ്താവനകളിൽനിന്ന് വ്യത്യസ്തമാണ്. യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളെത്തുടർന്ന് ഇറാനുമായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന കാര്യം റഷ്യ നിഷേധിച്ചതായി വിറ്റ്‌കോഫ് നേരത്തെ പറഞ്ഞിരുന്നു. വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും ഈ ആഴ്ചയാദ്യം പുതിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവുമായി പ്രത്യേക ഫോൺ സംഭാഷണം നടത്തിയിരുന്നു.

സംസാരത്തിനിടെ, ഇറാന് രഹസ്യാന്വേഷണ പിന്തുണ നൽകുന്നില്ലെന്ന് ഉഷാക്കോവ് ആവർത്തിച്ചു പറഞ്ഞതായാണ് വിറ്റ്‌കോഫ് പറഞ്ഞത്. യുഎസ് ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും വ്യക്തമാക്കിയിരുന്നു. 'രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിൽ യു എസിന് അതൃപ്തി ഉണ്ടാകുമെന്നും അങ്ങനെ സംഭവിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപും വിറ്റ്‌കോഫും റഷ്യക്കാരോട് പറഞ്ഞു.' എന്നാണ് ലീവിറ്റ് മാധ്യമപ്രവർത്തകരെ അറിയിച്ചത്.

അതേസമയം, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ ട്രംപ് നീക്കിയതിനെത്തുടർന്ന് കടലിൽ കുടുങ്ങിക്കിടന്ന എണ്ണ വിൽക്കുന്നതിലൂടെ റഷ്യയ്ക്ക് 10 ബിബില്യൺ ഡോളറിലധികം അധികവരുമാനം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള പ്രധാന കപ്പൽ ഗതാഗത പാത അടയ്ക്കാനുള്ള തീരുമാനം ആഗോള എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലെത്തിച്ചിട്ടുണ്ട്.

By admin