• Tue. Mar 24th, 2026

24×7 Live News

Apdin News

ഇറാന്റെ ആക്രമണത്തെ അപലപിച്ച് ബഹ്‌റൈന്‍ കാബിനറ്റ്

Byadmin

Mar 24, 2026


മനാമ: മേഖലയിലെ നിലവിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ സന്നദ്ധതയും വിലയിരുത്തുന്നതിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ കാബിനറ്റ് യോഗം ചേര്‍ന്നു. ഇറാന്‍ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങളെ യോഗം ശക്തമായി അപലപിച്ചു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 2817 പാലിക്കേണ്ടതിന്റെ പ്രാധാന്യം കാബിനറ്റ് ഊന്നിപ്പറഞ്ഞു. അറബ് ഗള്‍ഫ് രാജ്യങ്ങളെയും ജോര്‍ദാനെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഈ പ്രമേയം. അതോടൊപ്പം, ആക്രമിക്കപ്പെടുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും കാബിനറ്റ് ആവര്‍ത്തിച്ചു.

ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ്, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം എന്നിവയുള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളുടെ ഏകോപിത പ്രവര്‍ത്തനങ്ങളെയും സന്നദ്ധതയെയും കാബിനറ്റ് പ്രശംസിച്ചു. സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിലും സമീപകാല സംഭവവികാസങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിലും ഈ സ്ഥാപനങ്ങളുടെ പങ്ക് യോഗം എടുത്തുപറഞ്ഞു.

വിവിധ മേഖലകളില്‍ വെല്ലുവിളികളെ നേരിടുന്നതിനും സേവനങ്ങള്‍ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ‘ടീം ബഹ്‌റൈന്‍’ കാണിക്കുന്ന പ്രൊഫഷണലിസത്തെയും അര്‍പ്പണബോധത്തെയും യോഗം അംഗീകരിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പൗരന്മാരും താമസക്കാരും പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യത്തില്‍ കാബിനറ്റ് അഭിമാനം രേഖപ്പെടുത്തി.

ജിസിസി രാജ്യങ്ങളും മറ്റ് സഖ്യരാഷ്ട്രങ്ങളും നല്‍കിവരുന്ന പിന്തുണയ്ക്ക് കാബിനറ്റ് നന്ദി അറിയിച്ചു. പ്രാദേശിക വെല്ലുവിളികളെ നേരിടുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ആഗോളതലത്തിലുള്ള ഐക്യദാര്‍ഢ്യവും നയതന്ത്ര ഇടപെടലുകളും അനിവാര്യമാണെന്ന് യോഗം അടിവരയിട്ടു.

 

By admin