• Tue. Mar 24th, 2026

24×7 Live News

Apdin News

ഇറാന്‍ ആക്രമണം; നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം തേടാന്‍ ബഹ്‌റൈന് അവകാശമുണ്ടെന്ന് നിയമവിദഗ്ധര്‍

Byadmin

Mar 23, 2026


മനാമ: സമീപകാലത്തുണ്ടായ ആക്രമണങ്ങളില്‍ സിവില്‍ സൗകര്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമപ്രകാരം ഇറാനില്‍ നിന്ന് നഷ്ടപരിഹാരം തേടാന്‍ ബഹ്‌റൈന് അവകാശമുണ്ടെന്ന് നിയമവിദഗ്ധര്‍. അഖ്ബര്‍ അല്‍ ഖലീജ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, നിയമപരമായ ഉത്തരവാദിത്തം സ്ഥാപിക്കുന്നതിനും നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഐക്യരാഷ്ട്രസഭയില്‍ ബഹ്‌റൈന്‍ സ്വീകരിക്കുന്ന നയതന്ത്ര നീക്കങ്ങള്‍ നിര്‍ണ്ണായകമാണ്.

സംഭവങ്ങളെക്കുറിച്ചുള്ള തെളിവുകളും അവയുണ്ടാക്കിയ ആഘാതങ്ങളും ക്രോഡീകരിച്ചുകൊണ്ട്, യുഎന്‍ സെക്രട്ടറി ജനറലിനും സെക്യൂരിറ്റി കൗണ്‍സിലിനും ഔദ്യോഗിക കത്തുകള്‍ അയക്കുന്നത് യുഎന്നിലെ ബഹ്‌റൈന്റെ സ്ഥിര പ്രതിനിധി സംഘം തുടരുകയാണ്. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഔദ്യോഗികമായ നഷ്ടപരിഹാര ക്ലെയിം തയ്യാറാക്കുന്നതിനും ഈ നടപടിക്രമങ്ങള്‍ അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.

പരമാധികാരമുള്ള ഒരു രാജ്യത്തിന് മേല്‍ നടത്തുന്ന നിയമവിരുദ്ധമായ ഏതൊരു സായുധ ആക്രമണവും ആക്രമണം നടത്തുന്ന രാജ്യത്തിന് അന്താരാഷ്ട്ര ഉത്തരവാദിത്തം ഉണ്ടാക്കുന്നുവെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. ഇതിലൂടെ ബാധിക്കപ്പെട്ട രാജ്യത്തിന് ഭൗതികവും മാനുഷികവും സാമ്പത്തികവുമായ എല്ലാ നാശനഷ്ടങ്ങള്‍ക്കും പൂര്‍ണ്ണമായ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

യുഎന്‍ ചാര്‍ട്ടറിലും ജനീവ കണ്‍വെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമങ്ങളിലും ഈ അവകാശം വേരൂന്നിയതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സിവിലിയന്‍ ലക്ഷ്യങ്ങളെ ആക്രമിക്കുന്നത് ഈ നിയമങ്ങള്‍ നിരോധിക്കുന്നുണ്ടെന്ന് മാത്രമല്ല, നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

നഷ്ടപരിഹാരം എന്നത് കേവലം സാമ്പത്തിക കൈമാറ്റങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സാധ്യമായ ഇടങ്ങളില്‍ പഴയ അവസ്ഥ പുനസ്ഥാപിക്കുന്നതും ഔദ്യോഗികമായി കുറ്റം സമ്മതിക്കുന്നതും മാപ്പ് പറയുന്നതും ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളങ്ങള്‍, ഊര്‍ജ്ജ കേന്ദ്രങ്ങള്‍, ജലസ്രോതസ്സുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റങ്ങളുടെ ഗണത്തില്‍പ്പെടുമെന്നും, ബോധപൂര്‍വമായ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാല്‍ ഇത് ‘ആക്രമണ നടപടി’ ആയി കണക്കാക്കാമെന്നും വിദഗ്ധര്‍ പറഞ്ഞു.

 

By admin