• Mon. Mar 2nd, 2026

24×7 Live News

Apdin News

ഇറാൻ – ഇസ്രായേൽ സംഘർഷം; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്

Byadmin

Mar 1, 2026


വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ സർവീസും ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകൾ റദ്ദാക്കുമ്പോൾ പൂർണ്ണമായും റീഫണ്ട് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. മാർച്ച് 7 വരെയുള്ള ബുക്കിംഗുകൾക്ക് മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇന്ത്യൻ വിമാന കമ്പനികളും ഈ കാലയളവിൽ സൗജന്യ റീ ഷെഡ്യൂൾ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കണ്ണൂരിൽ നിന്ന് നാളെ പുലർച്ചെ 4.35 ന് പുറപ്പെടേണ്ട എയർ ഇന്ത്യ സർവീസ് റദ്ദാക്കി. റാസ് -അൽ -ഖൈമയിലേക്കുള്ള സർവീസാണ് റദ്ദ് ചെയ്തത്.

പശ്ചിമേഷ്യയിൽ ഇറാൻ ഇസ്രയേൽ സംഘർഷം കനത്തതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം സ്തംഭിച്ചു. ദോഹ, ദുബായ് , ഷാർജ, അബുദാബി തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളാണ് ഇന്ന് റദ്ദ് ചെയ്തത്. ഇതേ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇറാനിലെയും ഇസ്രായേലിനെയും പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ. ഇതിനായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്ത് വരുന്നതായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പല മേഖലയിലെയും വ്യോമപാത അടച്ചതോടെയാണ് നീക്കം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിലവിൽ പരിഗണനയില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം പ്രവാസികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്നില്‍ സൗദി അറേബ്യയാണ്. 25.9 ലക്ഷം പ്രവാസികള്‍ സൗദി അറേബ്യയിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

യുഎഇയില്‍ 34.2 ലക്ഷം, ഒമാനില്‍ 13.75 ലക്ഷം, കുവൈത്ത് 11.52 ലക്ഷം, ഖത്തര്‍ 7ലക്ഷം, ബഹറൈന്‍ 3.2 ലക്ഷം ഇന്ത്യക്കാരും പലമേഖലകളിലായി ഉണ്ട്. ആക്രമണത്തിന് തുടക്കം കുറിച്ച ഇസ്രയേലില്‍ 97,467 ഇന്ത്യന്‍ പ്രവാസികളും ജോര്‍ദാനില്‍ 20,760 ഇന്ത്യക്കാരുമാണുള്ളത്. ഏറ്റവും കുറവ് ഇന്ത്യന്‍ പ്രവാസികളുള്ളത് ഇറാനിലാണ്. 4,337 പേരാണ് ഇറാനിലുള്ളത്.

By admin