മനാമ: ഈദ് വിപണി ലക്ഷ്യമിട്ട് ഇന്‍സ്റ്റഗ്രാമില്‍ വസ്ത്രവില്‍പനയുടെ പേരില്‍ തട്ടിപ്പ്. ഒരു ബഹ്റൈന്‍ യുവതിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കണ്ട വസ്ത്രം വാങ്ങാന്‍ വാട്ട്സ്ആപ്പ് വഴിയാണ് വില്‍പ്പനക്കാരനെ ബന്ധപ്പെട്ടത്. പേര്, വിലാസം, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവ നല്‍കുകയും കൂടെ വസ്ത്രത്തിന്റെ വിലയായ 16 ദിനാര്‍ നല്‍കുകയും ചെയ്തു. ബെനിഫിറ്റ് പേ വഴിയാണ് പണം അടച്ചത്.
17-ാം തീയതി വൈകുന്നേരം 4 മണിക്കാണ് ഡെലിവറി ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഡെലിവറി ലഭിക്കാത്തതിനെ തുടര്‍ന്ന് വില്‍പ്പനക്കാരനെ ബന്ധപ്പെട്ടപ്പോള്‍ ‘കോളുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല’ എന്നാണ് വാട്ട്സ്ആപ്പ് നമ്പറില്‍ കാണിച്ചത്. തുടര്‍ന്ന് യുവതിയുടെ മകള്‍ മറ്റൊരു നമ്പറില്‍ നിന്നും വസ്ത്രം വാങ്ങാന്‍ എന്ന വ്യാജേന അതേ വാട്ട്സ്ആപ്പ് നമ്പറില്‍ വില്‍പ്പനക്കാരെ ബന്ധപ്പെട്ടു. സന്ദേശത്തിന് മറുപടി ലഭിക്കുകയും ഐബാന്‍ വഴി പണമടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ തന്റെ മാതാവിന് ഓര്‍ഡര്‍ ചെയ്ത വസ്ത്രത്തിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ‘കോളുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല’ എന്ന വിവരമാണ് വാട്ട്സ്ആപ്പ് നമ്പറില്‍ കാണിച്ചത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.
അതേസമയം, സമാനമായ തട്ടിപ്പിന് ഇരയായെന്ന് വ്യക്തമാക്കി റെഡ്ഡിറ്റില്‍ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തികള്‍ ഈ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് അറിയിച്ചു.
The post ഈദ് വിപണി ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്; യുവതിയ്ക്ക് പണം നഷ്ടമായി, ജാഗ്രതാ നിര്‍ദേശം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.