• Mon. Apr 21st, 2025

24×7 Live News

Apdin News

ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

Byadmin

Apr 20, 2025





മോസ്കോ: യുക്രൈൻ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ഈസ്റ്റർ പ്രമാണിച്ചാണ് റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രിവരെ റഷ്യയുടെ ഭാഗത്തുനിന്ന് വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് റഷ്യൻ ചീഫ് ഓഫ് സ്റ്റാഫ് വളേരി ഗെറസിമോവുമായുള്ള സംഭാഷണത്തിനിടെ പുതിൻ ടെലിവിഷനിലൂടെ പറഞ്ഞു. അതേസമയം, റഷ്യയുടെ പ്രഖ്യാപനത്തോട് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യയുടെ മാതൃക യുക്രൈനും പിന്തുടരുമെന്നാണ് താൻ കരുതുന്നതെന്ന് പുതിൻ പറഞ്ഞു. വെടിനിർത്തൽ കാലയളവിലെ യുക്രൈന്റെ നടപടികൾ, സമാധാനപരമായ ഒത്തുതീർപ്പിനുള്ള അവരുടെ താത്പര്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രൈന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ ലംഘനങ്ങളുണ്ടായാൽ അത് നേരിടാൻ സൈന്യത്തെ സജ്ജമാക്കണമെന്നും പുതിൻ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ യുക്രൈനിലെ ഊർജവിതരണ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾ 30 ദിവസത്തേക്ക് നിർത്തിവെയ്ക്കാൻ പുതിൻ സമ്മതിച്ചിരുന്നു. എന്നാൽ, ഇതിനുശേഷവും ആക്രമണങ്ങളുണ്ടായതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചിരുന്നു. നൂറിലധികം തവണ യുക്രൈൻ തങ്ങളുടെ ഊർജവിതരണ സംവിധാനങ്ങളെ ആക്രമിച്ചെന്നായിരുന്നു പുതിൻ കുറ്റപ്പെടുത്തിയത്.

അതേസമയം, യുക്രൈൻ വിഷയത്തിൽ നീതിപൂർവമായ ഒത്തുതീർപ്പിന് ശ്രമിക്കുന്ന അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളെ പുതിൻ സ്വാഗതംചെയ്തു. മോസ്കോ എപ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്നും പുതിൻ വ്യക്തമാക്കി.



By admin