• Sun. Sep 21st, 2025

24×7 Live News

Apdin News

'ഈ കിരീടം ലാല്‍ അർഹിക്കുന്നു, സന്തോഷവും അഭിമാനവുമുണ്ട്'; അഭിനന്ദിച്ച് മമ്മൂട്ടി

Byadmin

Sep 21, 2025



'ഈ കിരീടം ലാല്‍ അർഹിക്കുന്നു, സന്തോഷവും അഭിമാനവുമുണ്ട്'; അഭിനന്ദിച്ച് മമ്മൂട്ടി

ദാദാസാഹിബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മോഹൻലാലിന് അഭിനന്ദനവുമായി നടൻ മമ്മൂട്ടി. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരന് ഉള്ളതാണെന്നും നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവുമാണ്. നിങ്ങളാണ് ഈ കിരീടത്തിന് ശരിക്കും അർഹനെന്നും മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ….

ഒരു സഹപ്രവർത്തകന്‍ എന്നതിലുപരി, ഒരു സഹോദരനാണ് എനിക്ക് ലാല്‍. അദ്ദേഹം അത്ഭുതകരമായ ഈ ചലച്ചിത്രയാത്ര ആരംഭിച്ചിട്ട് നിരവധി ദശാബ്ദങ്ങളായി. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരന് ഉള്ളതാണ്. ലാൽ, നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്.

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഫാല്‍ക്കെ. വാർത്താ വിജ്ഞാപന മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഈ മാസം 23, ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. 2004-ൽ മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിച്ചിരുന്നു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. കഴിഞ്ഞ വർഷം ഈ പുരസ്കാരം ലഭിച്ചത് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു.

ഈ നേട്ടം സാധ്യമാക്കിത്തന്ന എല്ലാവര്‍ക്കും നന്ദിയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിലെ വലിയ ബഹുമതിയാണിത്. ഉള്‍പുളകത്തോടെ ഏറ്റുവാങ്ങുന്നു. ഒരുപാടുപേര്‍ക്കുള്ള പ്രചോദനമാണ്. ഈ സന്തോഷം എല്ലാവര്‍ക്കുമായും പങ്കുവയ്ക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്കാരം വൈകിയോ എന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മലയാളത്തിന്‍റെ പ്രിയ താരത്തിന്‍റെ മറുപടി.

By admin