• Tue. Oct 1st, 2024

24×7 Live News

Apdin News

ഉദയനിധി ഉപ മുഖ്യമന്ത്രിയായി അധികാരമേറ്റു; ബാലാജിയടക്കം 4 പുതിയ മന്ത്രിമാർ

Byadmin

Oct 1, 2024


ചൈന്നൈ: തമിഴ്നാട്ടിലെ എം കെ സ്റ്റാലിൻ മന്ത്രിസഭ മുഖംമിനുക്കി. മകൻ ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ 4 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരവുമേറ്റു. ഇ ഡിയുടെ കള്ളപ്പണക്കേസിൽ ജയിൽമോചിതനായ വി സെന്തിൽ ബാലാജി മന്ത്രിസഭയിൽ തിരിച്ചെത്തിയതാണ് മന്ത്രിസഭയിലെ ഏറ്റവും വലിയ സവിശേഷത. ആർ രാജേന്ദ്രൻ, ദളിത്‌ നേതാവായ ഡോ. ഗോവി സെഴിയൻ, എസ്‌ എം നാസർ എന്നിവരും മന്ത്രിമാരായി.

രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരേസമയം നാല് ദളിത്‌ മന്ത്രിമാർ ഉണ്ടാകുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ സത്യപ്രതിജ്ഞക്ക് തിളക്കമായി.

കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ഇത് വെറുമൊരു പദവിയല്ല, ഇനി മുതൽ കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ടാകുന്നുവെന്നും സന്തോഷമുണ്ടെന്നുമാണ് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത്.

By admin