ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്‍കി. നാല് ആഴ്ചയ്ക്കകം മറുപടി പറയാനാണ് നിര്‍ദേശം. അതിജീവിതയും അമ്മയും കോടതിയില്‍ എത്തിയിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹാനമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായി. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടി. പൊതുസേവകന്‍ എന്ന പരിധിയില്‍ വരുമോ എന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി നടപടി. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് തെളിയിക്കപ്പെട്ടത്. പ്രതി ശക്തനായ എംഎല്‍എ ആയിരുന്നു. എംഎല്‍എ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ആണ് പ്രതി കുറ്റം ചെയ്തത് – സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.
ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയതിന് ഈ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി എന്ന് തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. .അതിന് ഇയാള്‍ ഇപ്പോഴും ജയിലിലാണ് എന്നും ചൂണ്ടിക്കാട്ടി.
കേസിന്റെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് പ്രത്യേക സിറ്റിംഗിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. സിബിഐ നല്‍കിയ അപ്പീലും ജാമ്യം നല്‍കിയതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയുമാണ് സുപ്രീംകോടതിക്ക് മുന്‍പാകെ ഉണ്ടായിരുന്നത്. ഡല്‍ഹി ഹൈക്കോടതി നടപടി നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള പൊതുജന വിശ്വാസം തകര്‍ക്കുന്നതെന്ന് സിബിഐ അപ്പീലില്‍ ആരോപിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതി വിഷയം പരിഗണിച്ചത്.