• Fri. Dec 27th, 2024

24×7 Live News

Apdin News

എം ടിയെ അനുസ്‌മരിച്ച്‌ പ്രവാസലോകം | Pravasi | Deshabhimani

Byadmin

Dec 26, 2024



അന്തരിച്ച എഴുത്തുകാരൻ എം ടി വാസുദേവൻ നായരെ അനുസ്‌മരിച്ച്‌ പ്രവാസ ലോകം. ഗൾഫ്‌ മേഖലയിലെ വിവിധ സംഘടനകളാണ്‌ എംടിയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച്‌ രംഗത്തെത്തിയത്‌.

എം ടി എന്ന വാക്കുകളുടെ പെരുന്തച്ചൻ: യുവ കലാസാഹിതി യുഎഇ

ജ്ഞാനപീഠം ജേതാവും മലയാളത്തിലെ അക്ഷര കുലപതിയുമായ എം ടി വാസുദേവൻ നായരുടെ മരണത്തിൽ യുവകലാസാഹിതി യുഎഇ അനുശോചനം രേഖപ്പെടുത്തി. മലയാള ഭാഷ ഉള്ള കാലം വരെ വാക്കുകളുടെ പെരുന്തച്ചൻ ആയി എം ടി ജീവിക്കുമെന്ന് യുവകലാസാഹിതി അഭിപ്രായപ്പെട്ടു.

എം ടിയുടെ കുവൈറ്റ് സന്ദർശനം

1997 ലായിരുന്നു എം ടി വാസുദേവൻ നായർ കുവൈറ്റ് സന്ദർശിച്ചത്. ഇന്ത്യയുടെ 50-ാം സ്വാതന്ത്ര്യദിനം കുവൈറ്റ് മലയാളികൾ ആഘോഷിക്കുന്ന സന്ദർഭത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. ഇന്ത്യൻ എംബസിയിൽ വച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ എം ടിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് യുഎംഓയുടെ ചെയർമാനായിരുന്ന എബി വാരിക്കാട്, കുവൈറ്റ് ടൈംസ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കെ പി മോഹനൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സാം പൈനുംമൂട് സ്വാഗതം പറഞ്ഞു. അദ്ദേഹത്തിന്റെ കുവൈറ്റ് സന്ദർശനം ഹൃദ്യമായ ഓർമ്മകൾ സമ്മാനിച്ചു. കുവൈറ്റിലെ എഴുത്തുകാർക്ക് നൽകിയ മാർഗനിർദ്ദേശങ്ങളും മരിക്കാത്ത ഓർമ്മകളാണെന്ന് സാം പൈനും മൂട് പറഞ്ഞു.

എം ടി പരമ്പരാഗത വിവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

മനുഷ്യ നന്മക്ക് എതിരെ പ്രവർത്തിക്കുന്ന ആചാര, അനുഷ്ഠാന, വിശ്വാസങ്ങളോട് എം ടി തന്റെ സാഹിത്യ രചനകളിലൂടെ കലഹിക്കുകയും നീതിയിൽ അധിഷ്ഠിതമായ വിവസ്ഥിതിക്ക് വേണ്ടി സിനിമകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു എന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പുറത്തിറക്കിയ പത്ര കുറിപ്പിൽ പറഞ്ഞു

എം ടി യുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് അതിന്റെ കിരീടമാണ് നഷ്ടപ്പെട്ടത്. രചനകളുടെ പെരുന്തച്ചന്റെ വേർപാടിൽ ദുഃഖിക്കുന്ന മുഴുവൻ സൃഷ്ടികളുടെയും വേദനയിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരും പങ്കുചേരുന്നു.

അക്ഷരങ്ങളുടെ കുലപതി എം ടി വാസുദേവന്‍നായര്‍ക്ക് ജിദ്ദ നവോദയയുടെ ആദരാഞ്ജലികള്‍

ജിദ്ദ > വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്ന് ലോകത്തിന്റെ സാഹിത്യ ചക്രവാളങ്ങളിലേക്ക് മലയാളത്തെ കൈപിടിച്ച് ഉയര്‍ത്തിയ മഹാനായ സാഹിത്യകാരനായിരുന്നു എം ടി. അദ്ദേഹത്തിന്റെ വിയോഗം മലയാളിക്കും മലയാള സാഹിത്യത്തിനും നികത്താനാവാത്ത വിടവ് സൃഷ്ട്ടിക്കും. ഏഴു പതിറ്റാണ്ടിലേറെക്കാലം തന്റെ രചനകളിലൂടെ സാഹിത്യ ലോകത്തെ വിസ്മയിപ്പിച്ച അതുല്ല്യ പ്രതിഭയെയാണ്  മലയാളത്തിനു നഷ്ട്ടമായത് എന്നും ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി അനുശോചന കുറിപ്പിലൂടെ അറിയിച്ചു. അക്ഷരങ്ങളുടെ കുലപതി എം ടി വാസുദേവന്‍നായര്‍ക്ക് ജിദ്ദ നവോദയയുടെ ആദരാഞ്ജലികള്‍.

മലയാളത്തിന്റെ മഹാപ്രതിഭക്ക് കേളിയുടെ കണ്ണീർപ്പൂക്കൾ.

റിയാദ് > വിട പറഞ്ഞ  മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർ പൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന  മലയാളത്തിന്റെ പ്രിയ കഥാകാരന്റെ വിയോഗത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലും ലോകത്തിന്റെ നെറുകയിലും  മലയാളത്തിന്റെ ഖ്യാതി വാനോളം ഉയർത്തുന്നതിൽ എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്തതായോ കേൾക്കാത്തതായോ ആരുംതന്നെ മലയാളമണ്ണിൽ ഉണ്ടാവില്ല. മലയാള മനസുകളിലെ നിത്യ സാന്നിധ്യമായിരുന്ന എം ടി എന്നും ഹൃദയ പക്ഷത്തോട് ചേർന്ന് നടക്കാൻ ശ്രദ്ധിച്ചിരുന്നു.

 സാഹിത്യത്തെ ജനമനസ്സുകളെ തമ്മിൽ യോജിപ്പിക്കാൻ പറ്റിയ ഏറ്റവും വലിയ ഉപാധിയായി അദ്ദേഹം കണ്ടു. എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മിക്ക രചനകളിലും ഇത്തരം മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്ന  കഥാപാത്രങ്ങളായിരുന്നു എന്നും പ്രസ്താവനയിൽ പറഞ്ഞു.

നോവൽ, കഥ, തിരക്കഥ, നാടകം, സിനിമാസംവിധാനം സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭയായിരുന്നു. മലയാള ഭാഷയേയും സംസ്കാരത്തേയും ആഴത്തിൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ  അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തെ വ്യത്യസ്ഥനനാക്കി. തർജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ ഉണ്ടായ വായനക്കാർക്കും ആരാധകർക്കും മലയാളത്തേയും കേരളത്തേയും കൂടുതൽ അറിയാൻ അദ്ദേഹം വഴിയൊരുക്കിയതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin