• Fri. Jan 10th, 2025

24×7 Live News

Apdin News

എങ്ങനെ മറക്കും ആ ഭാവഗാനങ്ങൾ? പി ജയചന്ദ്രന് മലയാളത്തിന്റെ അന്ത്യാഞ്ജലി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 10, 2025


Posted By: Nri Malayalee
January 10, 2025

സ്വന്തം ലേഖകൻ: അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം, മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ബാക്കിയായി. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം വിടപറഞ്ഞത്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30-ന് ചേന്ദമംഗലം പാലിയത്ത് വീട്ടില്‍. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് മൃതദേഹം തൃശ്ശൂര്‍ പൂങ്കുന്നത്ത് വീട്ടില്‍ എത്തിക്കും. പത്ത് മുതല്‍ 12 മണിവരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം നടക്കും.

മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദസൗഭഗമുണ്ടായിരുന്നു. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം അഞ്ച് തവണയും ദേശീയ പുരസ്കാരം ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ‘കാത്താളം കാട്ടുവഴി’ ഗാനത്തിന് 1994-ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമുണ്ടാകില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തികൾ ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958-ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി,1966-ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേവര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ ഭാവഗായകനായി ഹൃദയത്തിൽ ഏറ്റെടുത്തു. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി. പി.ഭാസ്‌കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന്‍ വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്‍തുടിച്ചു. രാസാത്തി ഉന്നൈ കാണാതെ നെഞ്ചം… എന്ന ഗാനം ശബ്ദതരംഗമായി തമിഴ്‌സിനിമയെ കീഴടക്കി.

1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്. 1972-ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, 2004-ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021-ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

By admin