• Sun. Oct 13th, 2024

24×7 Live News

Apdin News

എട്ട് സ്ത്രീകളില്‍ ഒരാള്‍ 18 വയസിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു, യുണിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Byadmin

Oct 13, 2024


ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നാണ് കണക്ക്. അഞ്ചില്‍ സ്ത്രീകളില്‍ ഒരാള്‍, അതായത് 65 കോടിയിലേറെ പേര്‍ ലൈംഗിക ചുവയുള്ള സംസാരം, ലൈംഗികാവയവ പ്രദര്‍ശനം എന്നിവയുള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും യുണിസെഫ് പറയുന്നു. അന്താരാഷ്ട്ര ബാലിക ദിനത്തിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്ത് വന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ആഴത്തിലുള്ള മനുഷ്യാവകാശ ലംഘനമാണെന്നും, അതിജീവിതര്‍ പ്രായപൂര്‍ത്തിയായാല്‍ പോലും ഇതിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നില്ലെന്നും യൂണിസെഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളോടുള്ള മനോഭാവത്തെ ധാര്‍മിക ബോധത്തിന് മേലുള്ള കളങ്കമെന്നാണ് യൂണിസെഫ് വിശേഷിപ്പിക്കുന്നത്. താന്‍ അറിയുകയും വിശ്വസിക്കുകയും സുരക്ഷിതയാണെന്ന് തോന്നുകയും ചെയ്യുന്ന ചുറ്റുപാടില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന ആഘാതമാണ് കുട്ടികളില്‍ ഏല്‍പ്പിക്കുകയെന്ന് യൂണിസെഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ പറഞ്ഞു.

കൗമാര പ്രായത്തില്‍, 14 – 17 വയസിനിടയിലാണ് മിക്ക പെണ്‍കുട്ടികള്‍ക്കും ഈ ദുരനുഭത്തിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുള്ളത്. അതിക്രമം നേരിട്ട കുട്ടികള്‍ വീണ്ടും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്. യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം സബ് സഹാറന്‍ ആഫ്രിക്കയിലാണ് ഇരകള്‍ ഏറെയുള്ളത്. മധ്യ, ദക്ഷിണ ഏഷ്യയില്‍ 73 ദശലക്ഷം സ്ത്രീകളും ഇത്തരത്തില്‍ അതിക്രമത്തിന് ഇരയായിട്ടുണ്ട്.

By admin