ന്യൂഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ പഥക്ക്. തന്നെ പുറത്താക്കിയതല്ലെന്നും ഹോസ്റ്റിങ് പാനലിൽ നിന്ന് മാറി നിൽക്കാനുള്ളത് തന്‍റെ തീരുമാനമായിരുന്നു എന്നാണ് റിധിമ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റിധിമ വ്യക്തമാക്കിയത്.
ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായതിനു പിന്നാലെയാണ് ബിപിഎൽ ഹോസ്റ്റിങ് പാനലിൽനിന്ന് ഇന്ത്യൻ അവതാരകയായ റിധിമ പഥക്കിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയെന്ന റിപ്പോർട്ടുകൾ വന്നത്. പിന്നാലെയാണ് റിധിമ പഥക്ക് ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. തന്നെ പുറത്താക്കിയതല്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബിപിഎലിൽനിന്നു സ്വയം പിന്മാറിയതാണെന്നും റിധിമ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തനിക്കു തന്റെ രാഷ്ട്രമാണ് വലുതെന്നും ക്രിക്കറ്റ് സത്യം അർഹിക്കുന്നതായും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ റിധിമ പറഞ്ഞു.
‘‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, എന്നെ ബിപിഎലിൽ നിന്ന് ‘പുറത്താക്കി’ എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകളുണ്ട്. അത് ശരിയല്ല. പിന്മാറാൻ ഞാൻ സ്വയം തീരുമാനിച്ചതാണ്. എനിക്ക്, എന്റെ രാഷ്ട്രമാണ് എപ്പോഴും ഒന്നാമത്. ഏതെങ്കിലും ഒരു ദൗത്യത്തിനപ്പുറം ഞാൻ ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടെയും ബഹുമാനത്തോടെയും അഭിനിവേശത്തോടെയും വർഷങ്ങളായി കായികരംഗത്തെ സേവിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അത് മാറില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സന്ദേശങ്ങൾ നിങ്ങൾ വിചാരിക്കുന്നതിലപ്പുറം വിലയേറിയതാണ്. ക്രിക്കറ്റ് സത്യം അർഹിക്കുന്നു. എന്റെ ഭാഗത്തുനിന്ന് ഇനി കൂടുതൽ വിശദീകരണങ്ങളില്ല.’’- റിധിമ പഥക്ക് കുറിച്ചു.