• Thu. Sep 25th, 2025

24×7 Live News

Apdin News

‘എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ, ഈ നിമിഷം എന്റേത് മാത്രമല്ല…’; ദാദാ സാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

Byadmin

Sep 25, 2025


ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു.

ഇത് അഭിമാനത്തിന്റേയും കൃതജ്ഞതയുടേയും നിമിഷമാണെന്ന് പറഞ്ഞുകൊണ്ടാണ് അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രസംഗം മോഹന്‍ലാല്‍ ആരംഭിച്ചത്. ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താനെന്നും കേരളത്തില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹനായ രണ്ടാമത്തെ വ്യക്തിയാണ് താനെന്നും മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു. ‘മലയാള സിനിമയുടെ പാരമ്പര്യത്തിനും ക്രിയാത്മകതയ്ക്കും ലഭിക്കുന്ന ബഹുമതിയാണിത്. ഇതൊരു നിമിത്തമാണ്. അവാര്‍ഡിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞത് അഭിമാനം കൊണ്ടല്ല. ഞങ്ങളുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദമാകാന്‍ തിരഞ്ഞെടുക്കപ്പെട്ട സവിശേഷമായ ഭാഗ്യമോര്‍ത്താണ് മനസ് നിറഞ്ഞത്. എന്റെ വിദൂര സ്വപ്‌നത്തില്‍പ്പോലും ഇത്തരമൊരു നേട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഇത് മാന്ത്രികമാണ്. വിശുദ്ധമാണ്. മോഹന്‍ലാല്‍ പറഞ്ഞു’. മോഹന്‍ലാല്‍ പറഞ്ഞു.

പ്രസംഗം മുഴുവന്‍ ഇംഗ്ലീഷിലായിരുന്നെങ്കിലും എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. സിനിമാ ആരാധകരൊക്കെ നിറഞ്ഞ കൈയടിയോടെയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്. പുരസ്‌കാരം നന്ദിയിലും ഉത്തരവാദിത്തത്തിലും തന്നെ കൂടുതല്‍ വേരൂന്നിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അവാര്‍ഡിനെ മലയാള സിനിമയിലെ തന്റെ പൂര്‍വികരുടെ അനുഗ്രഹമായി കാണുന്നുവെന്നും കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്‌നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് കൂടി അവാര്‍ഡ് സമര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊഴിഞ്ഞിട്ടും ഇന്നും സുഗന്ധം വിടര്‍ത്തുന്ന മലയാള സിനിമയുടെ മണ്‍മറഞ്ഞ മഹാരഥന്മാരെ ഓര്‍ത്തുകൊണ്ട് കുമാരനാശാന്റെ വീണപൂവിലെ ഈരടികള്‍ കൂടി ചൊല്ലിയാണ് മോഹന്‍ലാല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

By admin